Tuesday, August 31, 2010

കാലവും കോലവും

എനിക്കയാളെ വെറുപ്പായിരുന്നു.അയാളുടെ ഉണ്ടക്കണ്ണും പാറിപ്പറന്ന ജടപിടിച്ച മുടിയും ചേറ് പറ്റി പിടിച്ച താടിയും കറുത്തുരുണ്ട ശരീരവും കാറ്റിൽ പറന്നെത്തുന്ന വിയർപ്പു നാറ്റവും ട്രൌസർ കാണാൻ പാകത്തിൽ മുണ്ടു മടക്കി കുത്തലും തലക്കു മുകളിൽ വട്ടമിട്ടു പറക്കുന്ന സിഗരറ്റിന്റെ പുകച്ചുരുളും ആകെ കൂടി വല്ലാത്തൊരു പ്രകൃതം.അയാളുടെ വലത്തെ കൺവെളളയിൽ ഒരു മറുകുണ്ട്.അതുളളവർ ഭാഗ്യവാന്മാരാണെന്നും കണ്ണിൽ കണ്ടതൊക്കെ വേണ്ടി വരുമെന്നും പഴമക്കാർ പറയുന്നതു കേൾക്കാം

“അയാളുടെ അരയിൽ മലപ്പുറം കത്തിയുണ്ട്.അതിൽ ചോരപുരളാത്ത ദിവസങ്ങൾ വിരളമാണ്.”
കുട്ടികൾക്ക് ഇതു പറയാനേ നേരമുളളു.

അയാൾ എവിടെ നിന്നു വന്നുവെന്നോ എന്തിനു വന്നുവന്നോ ആർക്കുമറിയില്ല.ഒരു വിഭാഗം ആളുകൾ അയാളുടെ പേര് ആന്റണിയാണെന്നും മറുവിഭാഗം രാഘവനാണെന്നും പറയുന്നു.രണ്ടും വിളിച്ചാൽ അയാൾ തിരിഞ്ഞു നോക്കും.അയാൾ തന്നെ അയാളുടെ പേര് മറന്നതു പോലെ.ചിലപ്പോൾ അയാളുടെ കഴുത്തിൽ കുരിശുമാലയും അല്ലാത്തപ്പോൾ ചന്ദനക്കുറിയും കാണാം.എന്നാൽ ആരും അയാളെ പളളിയിലൊ അമ്പലത്തിലൊ കാണാറില്ല.

അയാൾ വന്ന മൂന്നാം ദിവസം അങ്ങേലെ രാജമ്മയുടെ പശുവിനെ കാണാനില്ല.ഒഴിഞ്ഞ തൊഴുത്തും നോക്കി രാജമ്മ രണ്ടു കൈയ്യും ചുരുട്ടി മാറത്തടിയോടടി.അവരുടെ അലമുറ അപ്പുറത്തെ ഗ്രാമക്കാർ പോലും കേട്ടുവത്രെ.രാജമ്മ നേരാത്ത വഴിപാടില്ല.എന്നിട്ടെന്താ കളളൻ കപ്പലിൽ സുഖമായി വിലസി.പാവം രാജമ്മ മകളെ പോലെ കൊണ്ടു നടന്ന പശുവാണ്.

ഒരിക്കൽ ഞാൻ കൂട്ടുക്കാരുമൊത്ത് സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയാണ്.മൂച്ചിക്കൽ വളവെത്തിയാൽ കൂട്ടുക്കരെല്ലാം പിരിയും.പിന്നെ ഞാൻ തനിച്ച്.മൂളിപ്പാട്ടും പാടികൈയ്യും വീശിയ ങ്ങനെ നടക്കുമ്പോൾ കാറ്റിലൂടെ വല്ലാത്തൊരു മണം ഒഴുകിയെത്തി.കുറച്ചു കൂടി നടന്നപ്പോൾ തലമുകളിലൂടെ മേഘപാളികളെ പോലെ പുകച്ചുരുളുകൾ നീങ്ങുന്നു.ആരോ കാലുകൾ മണ്ണിനടിയിൽ നിന്നും പിടിച്ചു വെച്ചതു പോലെ ഒറ്റ നിർത്തം.അടുത്തു വന്നു നിന്ന ആ ഭയങ്കര രൂപത്തെ കണ്ട് ഞാൻ ഞെട്ടി.ഉണ്ടക്കണ്ണിൽ നിന്നും ചോരത്തുളളികൾ ഉറ്റി വീഴുന്നതു പോലെ അയാളെന്നെ നോക്കി.ചെണ്ടമേളത്തേക്കാൾ ഉയർന്ന ശബ്ദത്തിലെന്റെ ഹൃദയമിടിച്ചു.

എരിഞ്ഞടങ്ങിയ സിഗരറ്റുത്തുണ്ട് വലിച്ചെറിഞ്ഞ് അയാളെന്നെ മൂന്നാലു വട്ടം വലം വെച്ചു.കണ്ണുകളടച്ച് ഈശ്വരനാമം ഉരുവിട്ട് ഞാൻ നിന്നു.ഇടയ്ക്ക് ഒളിക്കണ്ണിട്ട് മലപ്പുറം കത്തി പുറത്തേക്ക് വരുന്നുണ്ടോയെന്നു നോക്കി.രൂക്ഷമായ വിയർപ്പു ഗന്ധം മൂക്കിനു സമ്മാനിച്ച് കരിയില പടർപ്പിലൂടെ അയാൾ അമർത്തി നടന്നു.താടിയിലെ ചേറിളക്കി മാറ്റി നടന്നു പോവുന്ന അയാളെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി ഞാൻ വീട്ടിലേക്ക് ഒരൊറ്റയോട്ടം.പിന്നീട് ആ ഭാഗത്ത് പുല്ലു പോലും മുളച്ചിട്ടില്ലെന്നു തന്നെ പറയാം.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാളെ വീണ്ടും കണ്ടു.സ്ത്രീകളുടെ കുളക്കടവിലേക്ക് ഒളിഞ്ഞു നോക്കുന്നു ദുഷ്ട്ടൻ.കുളി കഴിഞ്ഞ് കുളത്തിന്റെ ഒരു ഭാഗത്തിരുന്ന് മീനുകളെ എണ്ണുകയായിരുന്നു ഞങ്ങൾ.അപ്പോഴാണ് അപ്പുറത്തെ മുൾച്ചെടികൾക്കിടയിൽ നിന്നുമൊരു അനക്കം.ഇലകൾക്കിടയിലൂടെ ഉണ്ടക്കണ്ണുകൾ കണ്ടപ്പോൾ തന്നെ അയാളാണെന്നു മനസ്സിലായി. ചുണ്ടിലെപ്പോഴുമെരിഞ്ഞു കൊണ്ടിരിക്കുന്ന സിഗരറ്റു പോലും കത്തിക്കാതെ അതിവിദഗ്ദ്ധമായി അയാൾ കുളീസീൻ ആസ്വദിക്കുകയാണ്.

“ദൈവമേ,അയാൾ പാമ്പു കൊത്തി ചാവേണമേ.മുളള് കണ്ണിൽ തറക്കേണമെ.” ഞാൻ പ്രാർത്ഥിച്ചു.

ഞാൻ വളരുന്നതു പോലെ എന്നോടൊപ്പം അയാളോടുളള വെറുപ്പും പേടിയും വളർന്നു വന്നു.പിടിച്ചു പറിയും മോഷണവും ആഭാസത്തരങ്ങളുമായി അയാൾ സ്വാതന്ത്യത്തോടെ നടന്നു.

കാലം മാറി അതോടൊപ്പം കോലവും.മൂച്ചിക്കൽ വളവിൽ വാഹനങ്ങൾ ഒഴിഞ്ഞുളള നേരമില്ല.എവിടെയും ആൾത്തിരക്കും ഒച്ചയും ബഹളങ്ങളും.പണ്ടൊക്കെ കിലോമീറ്ററുകളോളം നടന്ന് അവശ്യസാധനങ്ങൾ വാങ്ങുമ്പോൾ അവയെല്ലാം ഇപ്പോൾ കൈയെത്തും ദൂരത്ത്.വികസനം സർവ്വത്ര വികസനം.ഇപ്പോൾ രാജമ്മയില്ല.അവരുടെ തൊഴുത്തുമില്ല.കുറേകാലമായി അയാളെയും കാണുന്നില്ല.

കടുത്ത പനി മൂലം എന്നെ മെഡിക്കൽ കോളേജിൽ അഡ്മിറ്റു ചെയ്ത നാലാം ദിവസം അടിപിടി കേസ്സിൽ കുത്തു കൊണ്ട ഒരാളെ അഡ്മിറ്റു ചെയ്തു.രണ്ടാം ദിവസമാണ് അയാൾക്ക് ബോധം തെളിഞ്ഞത്.പോലീസുക്കാരും ഡോക്ട്ടറുമാരും തമ്മിലുളള പിറുപിറുക്കലും രോഗിയുടെ മൊഴി രേഖപ്പെടുത്തലും ആകെ കൂടി ബഹളം.

“അറിഞ്ഞൊയിവിടെ കുത്തു കൊണ്ട് കിടക്കുന്നത് ആരാണെന്ന്.”?
അടുത്ത ബെഡിലെ രോഗിയുടെ പരിചാരിക അതിനടുത്തുളള ബെഡിൽ ചുമച്ച് ക്ഷീണിച്ചു കിടക്കുന്ന സ്ത്രീയോട് ചോദിച്ചു.

“ഇ…ല്ല…ആ…..രാ…..”? സ്ത്രീ വീണ്ടും ചുമക്കാൻ തുടങ്ങി.

തെക്കേലെ ശാരദേന്റെ കെട്ടിയോനെ പാതിരാക്ക് കുത്തിയ പണ്ടാറക്കാലനാ അത്.”
പരിചാരിക പല്ലുകൾ കൂട്ടിയുരുമി.

“ദൈവമേ………” ചുമക്കുന്നതിനിടയിൽ സ്ത്രീ വിളിച്ചു പോയി.

“രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ബോധം വന്നത്.” കുറച്ചു നേരത്തെ മൌനത്തിനു ശേഷം പരിചാരിക പറഞ്ഞു.

“ചത്തു കൂടായിരുന്നൊ.അയാൾ അവിടെയുണ്ടായിരുന്നപ്പോ വല്ലാത്തൊരു സമാധാനക്കേടാ‍യിരുന്നു.” സ്ത്രീ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.

“എങ്ങനെ സമാധാനമുണ്ടാവും. പിടിച്ചു പറിയും കത്തിക്കുത്തും ഒളിഞ്ഞു നോട്ടവും.ഈശ്വരാ ഓർക്കാനു കൂടി വയ്യ.”
പരിചാരികയുടെ മുഖത്ത് പേടി അലത്തല്ലി.

അടിപ്പിടി വീരന്റെ അടുത്ത് പോലീസുക്കാർ ഇല്ലാത്ത നേരത്ത് ആ‍രും കാണാതെ ഞാൻ അങ്ങോട്ട് ഒളിഞ്ഞു നോക്കി.ആ സ്ത്രീകളുടെ സംസാരം കേട്ടപ്പോൾ അയാളാണൊയെന്നൊരു സംശയം.

ആ മനുഷ്യൻ ശാന്തമായി ഉറങ്ങുകയാണ്.വലത്തെ കൈയിലേക്ക് ഗ്ലൂക്കോസിന്റെ തുളളികൾ കയറി പോകുന്നു.വയറിൽ കെട്ടിയ വെളളത്തുണിയിയിൽ ചോരത്തുളളികൾ പറ്റി പിടിച്ചിരിക്കുന്നു.

അയാൾ തന്നെയാണൊ ഇത്.ആകെ കൺഫ്യൂഷനായി.പാറിപ്പറന്ന ജട പിടിച്ച മുടിയല്ല.ചെറുതായി വെട്ടിയിട്ടുണ്ട്.ചേറു പിടിച്ച താടിയല്ല. കുറ്റിരോമങ്ങളെയുളളു.ഒന്നു കണ്ണു തുറന്നാൽ കൺവെളളയിലെ മറുക് കണ്ടാൽ തിരിച്ചറിയാൻ സാധിക്കും.കണ്ണു തുറക്കരുതെയെന്നായിരുന്നു എന്റെ പ്രാർത്ഥന.

അന്നത്തെ ഇഞ്ചക്ഷനും കഴിഞ്ഞ് മനസ്സിൽ കുറേ സംശയങ്ങളും ബാക്കിയാക്കി അയാളോടുളള വെറുപ്പിന്റെ ആഴവും കൂട്ടി ഞാൻ വീട്ടിലേക്ക് തിരിച്ചു.

വർഷങ്ങൾ പിന്നേയും കടന്നു പോയി.

ഓഫിസിലെത്താനുളള സമയം വൈകി.ഇന്നലെയും മാനേജറുടെ തെറി കേട്ടതാണ്.ബസ്സ് കിട്ടിയില്ലയെന്ന പഴഞ്ചെൻ വാക്കിന് ഇപ്പോൾ പ്രസക്തിയില്ല.സ്വന്തമായി ഒരു വണ്ടി വാങ്ങാമല്ലൊയെന്നാവും മറുവാക്ക്.അദ്ദേഹത്തിനു അങ്ങനെയൊക്കെ പറയാം.കൈ വശം ഒന്നുമില്ലാത്തവർക്കല്ലെ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനുളള പ്രയാസമറിയു.എത്ര ശ്രമിച്ചാലും വീട്ടിൽ നിന്നും നേരത്തെയിറങ്ങാൻ പറ്റില്ല.വീട് വൃത്തിയാക്കലും ഭക്ഷണം വെക്കലും കുട്ടികളെ സ്കൂളിൽ അയക്കലും എല്ലാത്തിനും ഈ രണ്ടു കൈ മത്രം.പോരത്തതിനു ഓഫീസിലെത്തിയാൽ മാനേജറുടെ വക പരിഹാസവും.

കന്നുകാലികളെ കുത്തി നിറച്ചു കൊണ്ട് പോവുന്നതു പോലെയാണ് ബസ്സിൽ കയറുന്നവരുടെ യാത്ര.ശ്വാസം മുട്ടി മരിക്കാത്തതു ഭാഗ്യം.ബസ്സിലൊക്കെ കയറി വീട്ടിൽ തിരിച്ചെത്തിയാൽ മുജന്മ സുകൃതമെന്നു പറയാം.

എന്നും പോവുന്ന ബസ്സ് വൈകിയതു കാരണം കിട്ടിയില്ല.കുറച്ചു കൂടി കാത്തു നിൽക്കാം.ബസ്സ് സ്റ്റോപ്പിലുളള നിർത്തം അസഹ്യം തന്നെ.

പല ഡിസൈനിലുളള മയമില്ലാതെ മുരണ്ടും കിതച്ചും ഓടി പോവുന്ന വാഹനങ്ങൾ.എല്ലായിടത്തും വേഗത തന്നെ.കാലം കുതിച്ചു പായുന്നു.അതിനേക്കാൾ വേഗതയിൽ മനുഷ്യരും.

ഇനിയിവിടെ നിന്നാൽ ശരിയാവില്ല.ഒരു ബസ്സും നിർത്തുന്നില്ല.നിർത്തുന്നതാണെങ്കിൽ തിരക്കുളളത്.ഒരു ഈച്ചക്കു പോലും കയറാൻ സ്ഥലമില്ല.എന്നിട്ടും ആർത്തി.

കുറച്ചു മുന്നോട്ട് നടന്നപ്പോൾ ഒരാൾക്കൂട്ടം.ആളുകൾക്കിടയിലൂടെ ഞാൻ ഏന്തി വലിഞ്ഞു നോക്കി.രക്തപ്രളയത്തിൽ മുങ്ങി കിടക്കുന്ന ഒരു വൃദ്ധൻ.ഏതോ വണ്ടി തട്ടിത്തെറിപ്പിച്ചതാണ്.ഇപ്പോഴും ജീവന്റെ തുടിപ്പുകൾ അവശേഷിക്കുന്നുണ്ട്.അരികെ സഞ്ചിയിൽ നിന്നും തെറിച്ച് ചിന്നിച്ചിതറി കിടക്കുന്ന പച്ചക്കറികൾ.ഒരു കളി കാണുന്ന ലാഘവത്തോടെ ജനം വൃദ്ധനെ നോക്കി നിൽക്കുന്നു.ആരുടെ കണ്ണിലും ഭാവമാറ്റമില്ല.

“ഇങ്ങനെ നോക്കി നിൽക്കാതെ ഇവരെ ആശുപത്രിയിൽ എത്തിച്ചൂടെ.”? അടുത്തു നിന്ന പയ്യനോട് ഞാൻ ചോദിച്ചു.

“എനിക്കു വയ്യ കേസ്സും കൂട്ടുമായി നടക്കാൻ.”അവൻ പുച്ഛത്തോടെ മുഖം തിരിച്ചു.

അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഒരാളെ രക്ഷിക്കാൻ നിന്നാൽ അതിൽ നിന്നും തടിയൂരി പോരാൻ അത്ര പെട്ടെന്നൊന്നും കഴിയില്ലല്ല്ലൊ.ആ കാഴ്ച്ച കണ്ടു നിൽക്കാൻ വയ്യ.എനിക്കു കരച്ചിൽ വന്നു.

അതു വഴി വന്ന ഓട്ടോയിൽ നിന്നും ഒരാൾ ഇറങ്ങി അങ്ങോട്ട് വന്നു.രക്തത്തിൽ കുളിച്ചു നിൽക്കുന്ന വൃദ്ധനേയും ജനക്കൂട്ടത്തേയും അയാൾ മാറി മാറി നോക്കി.വൃദ്ധനെ കോരിയെടുത്ത് ഓട്ടോയിൽ കിടത്തി തല മടിയിൽ വെച്ച് ഒരിക്കൽ കൂടി അയാൾ ജനക്കൂട്ടത്തെ രൂക്ഷമായി നോക്കി.അപ്പോൾ അയാളുടെ വലത്തെ കൺവെളളയിലെ മറുക് ഞാൻ വ്യക്തമായി കണ്ടു.

9 comments:

  1. നല്ലകഥ... നമ്മള്‍ വെറുക്കപെട്ടവരായി കാണുന്നവരിലും ഉണ്ട് ഒരു നല്ല മനസ്സ്.

    ReplyDelete
  2. നല്ല കഥ. അപ്രതീക്ഷിതമായ ക്ലൈമാക്സ്‌.
    നന്നായി. ആശംസകള്‍

    ReplyDelete
  3. മനസ്സി൯റെ മാന്ദ്രികത. അത് ഷബ്ന നന്നായ് അവതരിപ്പിച്ചു.....
    എഴുത്താണി ഹൃദയമാക്കുക.

    ReplyDelete
  4. വളരെ നന്നായിരിക്കുന്നു....
    എഴുത്ത് തുടരുക.
    സമദിക്കയുടെ എല്ലാ ആശംസകളും....

    ReplyDelete
  5. ഇരുളും വെളിച്ചവും....!
    ആശംസകള്‍...!

    ReplyDelete
  6. അഭിപ്രായങ്ങൾ അയച്ച എല്ലാവരോടും നന്ദി.നിങ്ങൾ എല്ലാവരുടെയും പ്രോത്സാഹനം എന്നും എന്നോടൊപ്പമുണ്ടാവണം

    ReplyDelete
  7. ബ്ലോഗു രചനകള്‍ സാകൂതം ശ്രദ്ധിക്കുന്ന ഒരാളാണ് ഞാന്‍ .ഗൌരവം അല്ലാത്ത രചനകള്‍ അല്ലെങ്കില്‍ പോലും ബ്ലോഗര്‍മാരുടെ പരസ്പര സഹായ മനസ്ഥിതി കൊണ്ട് മാത്രം വായിക്ക പെട്ടതായി വിശ്വസിച്ചു പോരുന്ന വയാണ് അധികവും.എന്നാല്‍ രചനാ ശൈലി കൊണ്ടും പ്രമേയത്തിന്റെ ഉള്‍ക്കരുത്തു കൊണ്ടും മേന്മ പുലര്‍ത്തുന്ന ചില ബ്ലോഗു രചനകള്‍ വേണ്ടത്ര ശ്രധിക്കപ്പെടാത്തതായും കാണുന്നു.അത്തരത്തില്‍ ഒരു കഥയാണ്‌ ശബ്നയുടെത് എന്ന് പറയുമ്പോള്‍ സന്തോഷവും ഒപ്പം വിഷമവും ഉണ്ട് .ശബനയില്‍ ഇരുത്തം വന്ന ഒരു എഴുത്തുകാരി ഉണ്ട്.
    thudaruka ella vidha bhaavukangalum nerunnu ...

    ReplyDelete