Wednesday, March 23, 2011

സഫലമീ ജീവിതം

ഒരു പാട് സന്തോഷമുള്ള ഒരു ദിവസമായിരുന്നു അന്ന്.ആ സന്തോഷത്തെ എങ്ങനെ നിർവ്വചിക്കണമെന്നറിയില്ല.എന്റെ പ്രിയപ്പെട്ട സുഹൃത്തുകളെ എല്ലാവരേയും ഒരുമിച്ച് കാണുമ്പോൾ, അവരോട് സ്നേഹം പങ്കുവെക്കുമ്പോ
ൾ ഞാൻ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക അല്ലെ? നാലു ചുമരുകൾക്കുള്ളിൽ സ്വപ്നങ്ങളും മോഹങ്ങളും ഒതുക്കി വെച്ച് കഴിയുമ്പോൾ; എന്റെ ജീവിതം കൊണ്ട് എന്ത് അർത്ഥം എന്ത് ലക്ഷ്യമെന്ന് ഞാൻ ചിന്തിക്കാറുണ്ട്.ശരിക്കും അന്നൊക്കെ എന്റെ ഭാവി ഉത്തരം കിട്ടാത്തൊരു ചോദ്യചിഹ്നമായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ വന്നൊരു ബന്ധു ഭക്ഷണം കഴിക്കുകയായിരുന്ന എന്നോട് ചോദിച്ചു. “ഇങ്ങനെ തിന്നിരിക്കാനല്ലാതെ നിന്നെ കൊണ്ട് വേറെയെന്താ പറ്റാ?”
ആ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിലൊരു മുറിവുണ്ടാക്കി. അതിന്റെ നീറ്റലിൽ ഞാൻ ഒരു പാട് വേദനിച്ചു.വികലാംഗരും വിധവകളും കീറപായക്ക് തുല്യമാണെന്നും ഞാൻ മറ്റു പലരിൽ നിന്നും കേൾക്കേണ്ടി വന്നിട്ടുണ്ട്.അന്നു മുതൽ ഞാൻ ചിന്തിച്ചു ഞാനൊരു കീറപായയൊ,ഉപയോഗശൂന്യമായൊരു വസ്തുവൊ ആവരുത്.ഒരു വാക്ക് കൊണ്ടൊ ഒരു നോക്കു കൊണ്ടൊ ഒരാളെയെങ്കിലും ആശ്വസിപ്പിക്കാൻ കഴിഞ്ഞാൽ, ഒരു ദിവസമെങ്കിലും അവർക്ക് സന്തോഷം നൽകാൻ കഴിഞ്ഞാൽ എന്റെയീ ജീവിതം സഫലമായി.
അങ്ങനെയാണ് “Shabna’s Charitable & Education Trust”(SCET) ന്റെ പിറവി.

ഫെബ്രുവരി 20 നു 30 പേരടങ്ങിയ വികലാംഗ സംഗമായിരുന്നു “സാന്ത്വന കിരണം”.എന്റെ പുസ്തകത്തിൽ നിന്നും കിട്ടുന്ന പൈസ സ്വരൂപിച്ച് വെച്ചും, ഉപ്പയും സുഹൃത്തുകളും നൽകിയ പൈസ കൊണ്ടുമാണ് ഞാനീ സംഗമം സംഘടിപ്പിച്ചത്.കൊണ്ടോട്ടി കാന്തക്കാട് സ്കൂളിൽ വെച്ച് 9.30 ന് തിരകഥാകൃത്ത് ടി എ റസാക്കാണ് സാന്ത്വന കിരണം ഉദ്ഘാടനം ചെയ്തത്.അദ്ദേഹത്തിന് പൊതുപരിപാടിയിൽ നിന്നും കിട്ടുന്ന സംഖ്യയുടെ ഒരു പങ്ക് trust ലേക്ക് തരുമെന്ന് അദ്ദേഹം ചടങ്ങിൽ വാഗ്ദാനം നൽകി.
ഉദ്ഘാടനത്തിന് ശേഷം പഴയ മാപ്പിളപ്പാട്ടുകാരി എം കെ ജയഭാരതിയെയും സാമൂഹ്യപ്രവർത്തക റുഖിയാഅഷ്റഫിനെയും ഉപഹാരം നൽകി ആദരിച്ചു.

ഓരോരുത്തരും അനുഭവം പറഞ്ഞു കഴിയുമ്പോൾ അവരെ flower and sweets നൽകി സ്വീകരിച്ചു.അവരിൽ പാടാൻ കഴിവുളളവർ മറ്റുളളവർക്ക് വേണ്ടി പാടി.
അവർ പാടുമ്പോൾ, സംസാരിക്കുമ്പോൾ ഞാനവരുടെ മുഖത്ത് പ്രത്യേകം ശ്രദ്ധിച്ചു.അന്ന് അവരുടെ മുഖത്ത് സങ്കടത്തിന്റെ നിഴലുണ്ടാവാൻ പാടില്ല.അങ്ങനെയായാൽ ഞാനും സംഘാടകരും കഷ്ട്ടപ്പെട്ടതിന് ഫലമില്ലാതെയാവും.ഞാൻ ആശിച്ചതു പോലെ എല്ലാവരുടെയും മുഖത്ത് സന്തോഷമായിരുന്നു.പുറത്തിറങ്ങിയതിന്റെ കൂട്ടുകാരെ കണ്ടെതിന്റെയൊക്കെ സന്തോഷം.

ഉച്ചഭക്ഷണത്തിന് ശേഷം അരുൺ അരീക്കോടിന്റെയും ടീമിന്റെയും മിമിക്രിയും,
ബീഗം സിത്താര, വാജിദ് കൊയിലാണ്ടി,സെബീൽ കൊയിലാണ്ടി,അമീൻ പൊന്നാട് തുടങ്ങിയവരുടെ ഗാനങ്ങളുമുണ്ടായിരുന്നു.കാശൊന്നും വാങ്ങാതെ അവർ ഞങ്ങളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി പാടി..ആടി.
പല പ്രമുഖവ്യക്തികളും വേദി സന്ദർശിക്കാൻ വന്നിരുന്നു.അവർക്ക് രണ്ട് മിനിറ്റു മാത്രമെ ഞാൻ സംസാരിക്കാൻ അവസരം നൽകിയുള്ളു.

എന്റെ കൂട്ടുകാർക്ക് വേണ്ടിയൊരു ഗെയിമും ഉണ്ടായിരുന്നു.അവരിൽ നിന്നും നറുക്കെടുത്ത് മൂന്ന് പേരെ കണ്ടെത്തി അവർക്ക് ഉപഹാരം നൽകി.കൂടാതെ ആദ്യം കിട്ടിയ ആളെ ക്യാമ്പ് ലീഡറായി തിരഞ്ഞെടുത്തു.ജില്ലയുടെ പല ഭാഗത്തുള്ള ഇത്തരം ആളുകളെ കണ്ടെത്തി എന്നെ അറിയിക്കുക.അതാണ് അയാളുടെ ജോലി.ക്യാമ്പിൽ പങ്കെടുത്ത എന്റെ പ്രിയ കൂട്ടുകാർക്കെല്ലാം ഉപഹാരങ്ങൾ നൽകിയാണ് ഞാൻ അവരെ യാത്രയാക്കിയത്.യാത്ര പറയുമ്പോൾ ഞങ്ങൾ പരസ്പരം നോക്കാതെയിരിക്കൻ ശ്രമിച്ചു.അങ്ങനെയല്ലങ്കിൽ മിഴിനീർധാരയെ തടഞ്ഞു നിർത്താൻ പ്രയാസമായിരിക്കും.വീണ്ടും മെയിൽ കാണാമെന്ന പ്രതീക്ഷയോടെ ഞങ്ങൾ പിരിഞ്ഞു.

മെയിൽ ട്രസ്റ്റിന്റെ ഒന്നാം വാർഷികമാണ്.അന്ന് “സാന്ത്വന കിരണത്തിന്റെ രണ്ടാം സംഗമവും നടക്കും.വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ട്രസ്റ്റിന്റെ പേരിൽ അവാർഡ് നൽകി ആദരിക്കുക, നിർദ്ദന കുടുംബത്തിന് സാമ്പത്തിക സഹായം നൽകുക,വീൽചെയർ വിതരണം എന്നിവയും ആ ചടങ്ങിൽ നടത്താൻ ഉദ്ദേശിക്കുന്നു.
ട്രസ്റ്റിന്റെ സംഘാടകരിൽ ഒരാൾ പറഞ്ഞ പേരാണ് സംഗമത്തിന് നൽകിയത്.(സാന്ത്വന കിരണം).
അതു കൊണ്ട് എന്റെ ബ്ലോഗ് സുഹൃത്തുകളോട് ഒരു കടം ബാക്കി കിടക്കാണ്.
പേരുകൾ പറഞ്ഞു തന്ന ബ്ലോഗ് സുഹൃത്തുകളിൽ നിന്നും ഒരാളെ ഞാൻ നറുക്കെടുത്ത് കണ്ടെത്തിയിട്ടുണ്ട്.എന്നെ പ്രോത്സാഹിപ്പിച്ചതിന് ഒരു സഹോദരിയെ പോലെ എനിക്ക് വേണ്ടി പ്രാർത്ഥിച്ചതിന് ട്രസ്റ്റ് നൽകുന്ന ചെറിയ സമ്മാനം ആ വ്യക്തി സ്വീകരിക്കണം.എന്റെ സന്തോഷത്തിനു വേണ്ടിയെങ്കിലും….
നറുക്കിൽ എനിക്ക് കിട്ടിയത് റിയാസ്(മിഴിനീർത്തുള്ളി)യാണ്.നിങ്ങളുടെ അഡ്രസ്സ് എനിക്ക് അയച്ചു തരിക. shabnaponnad@gmail.com

ഇനിയും എന്റെ ബ്ലോഗ് സുഹൃത്തുകളുടെ പ്രോത്സാഹനവും സഹകരണവും എന്റെ ട്രസ്റ്റിനൊപ്പമുണ്ടാവണം.
ആർക്കെങ്കിലും ട്രസ്റ്റിനെ സഹായിക്കണമെന്നു തോന്നുകയാണെങ്കിൽ……….
SABNA
ACCOUNT NO 67144057514
SBT , EDAVANNAPPARA

Monday, March 21, 2011

ലൈവ്

ടിവി സീരിയലിലെ നായികയുടെ കദനകഥ കണ്ട് അമ്മായിയമ്മ കരച്ചിലോട് കരച്ചിൽ.മീൻ വറുക്കുന്ന ചട്ടകവുമായി വാതിൽ ചാരി സീരിയൽ കാണുന്ന മരുമകൾ അമ്മായിയമ്മയുടെ വിലാപം കേട്ട് അന്തം വിട്ട് വാ പൊളിച്ചു നിന്നു പോയി.
“നോക്കിയേടി, കറിയിലല്പം മുളകുപൊടി കൂടി പോയതിന് ആ വൃത്തികെട്ട അമ്മായിയമ്മ പാവം മരുമകളെ എത്രയാ അടിച്ചത്”
അമ്മായിയമ്മ മൂക്കു പിഴിഞ്ഞ് മരുമകളെ നോക്കി പറഞ്ഞു.
നായികയുടെ കണ്ണീരിൽ കുതിർന്ന മുഖത്തിന്റെ സമീപദൃശ്യത്തിൽ ആ എപ്പിസോഡ് തീർന്നു.അമ്മായിയമ്മ കണ്ണും മുഖവും തുടച്ച് അടുക്കളയിലേക്കോടി.
“എന്താടി കറിയിൽ തീരെ ഉപ്പില്ലാത്തത്?”
പിന്നീട് അവിടെയൊരു തെറിപ്പൂരമായിരുന്നു.പേരകുട്ടികൾ കസേരയിട്ട് ആ സീൻ ലൈവായി കണ്ടാസ്വദിച്ചു.അതല്ലെ അതിന്റെയൊരു സുഖം.

Tuesday, March 1, 2011

സാന്ത്വന കിരണം






Shabna’s Charitable & Educational Trust ന്റെ സാന്ത്വന കിരണം തിരകഥകൃത്ത് ടി.എ റസാക്ക് ഉദ്ഘാടനം ചെയ്യുന്നു
ഇപ്പോൾ ഫോട്ടൊ…
സാന്ത്വന കിരണത്തിന്റെ കൂടുതൽ വിവരവുമായി ഞാൻ വീണ്ടും വരും……….