Friday, November 22, 2013

തീരാവിലാപം

ചെമ്പകപ്പൂവില്‍ നിന്നും
സുഗന്ധം പരക്കവെ,
അമ്മതന്‍ മാനസം തേങ്ങിക്കരഞ്ഞു.
പൂമരത്തണലിലിരുന്നക്ഷരങ്ങളെ
പ്രണയിച്ചവള്‍,
ഇന്നിതാ അവിടം
നിന്നാത്മാവു വിതുമ്പും കുഴിമാടം.
ഏറേനാള്‍ കൊതിച്ചിട്ടൊടുവില്‍
മൊട്ടിട്ട പനിനീര്‍ മലരെ...
നീ വിരിയും മുമ്പേ
പറയാതെ പോയതെന്തെ?
നീ പോലുമറിയാതെ പോയതെന്തെ?
മമ ഹൃത്തിലുയരുമൊരു
ചോദ്യമതു മാത്രം.
നീ പിച്ചവെച്ച നാള്‍
മുതലോരോ കനവുകള്‍ കണ്ടമ്മ.
ഇന്നതെല്ലാം നിന്‍
ചേതനയറ്റ ദേഹത്തിലലിഞ്ഞു ചേര്‍ന്നു.
കാലന്‍ങ്കോഴി കൂവും
യാമങ്ങളിലാര്‍ത്തനാദം
കേട്ടുഞെട്ടിയുണര്‍ന്ന്
മിഴികള്‍ നിന്നെ തിരയവെ..
നഷ്ട്സ്വപ്നങ്ങളില്‍
വരിഞ്ഞു മുറുകി രാവിന്റെ ചുടുനിശ്വാസത്തി-
ലലിഞ്ഞെന്നും,
മിഴിനീര്‍ വാര്‍ക്കുമീയമ്മ.
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
നിന്‍ കളിച്ചിരികളും
കൊലുസ്സിന്‍ മണിക്കിലുക്കവും മാത്രം.
എന്തിനീ ജന്മം മകളേ...
എന്തിനീ ജീവിതം മകളേ...
നിന്‍ വിയോഗത്താല്‍
തീരാത്ത നോവിലെരിഞ്ഞടങ്ങുവാനീ
അമ്മയ്ക്കു മകളേ.
ആരോടു പറയേണ്ടു ഞാനെന്‍ പരാതികള്‍?
ആരോടു പറയേണ്ടു ഞാനെന്‍ തീരാനഷ്ട്ങ്ങള്‍?
കൂട്ടിക്കിഴിച്ചിട്ടും ശിഷ്ട്മായയീ അമ്മയ്ക്കാരു
നല്‍കിയാല്‍ തീരും നിന്‍ വിയോഗം?
പകരമായെന്തു നല്‍കിയാല്‍
തോരുമെന്‍ കണ്ണീര്‍ക്കണങ്ങള്‍?
മായാത്ത നിന്നോര്‍മ്മയില്‍
അണയുകയില്ലയെന്‍
കരളിലെ തീയും,
ആത്മനൊമ്പരങ്ങളും.
സ്ത്രീജന്മങ്ങള്‍ക്കു ശാപമായി
കാമക്കണ്ണുകള്‍ക്ക്
കാഴ്ച്ചയുള്ള നാള്‍ വരെയും.

Saturday, April 20, 2013

ക്ഷണക്കത്ത്

എന്റെ എല്ലാ ബ്ലോഗ് സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് ഞാന്‍ സാദരം ക്ഷണിക്കുന്നു.

Saturday, January 26, 2013

വേനല്‍

മണ്ണും വിണ്ണും
ഇടവപ്പാതിയെ തിരഞ്ഞു.
ആഴ്ന്നിറങ്ങിയ
വേരുകള്‍ കരിഞ്ഞുണങ്ങി.
ചന്ദ്രബിംബം തെളിയാത്ത
കിണറില്‍ നിന്നും തവളകള്‍
പേ പിടിച്ചു പുറത്തുച്ചാടി.
വാനം നോക്കി നോക്കി
വേഴാമ്പലുകള്‍ കുഴഞ്ഞു
വീണു.
നൃത്തം വെയ്ക്കാനാവതെ
മയിലുകള്‍ പീലി വെടിഞ്ഞു.
ആലിന്‍കൊമ്പിലെ പറവകള്‍
ചേക്കേറാന്‍ മറന്നു.
മഴവില്ലൊരു ഗതകാലസ്മൃതിയായി.
ദലങ്ങള്‍ കാറ്റിലെ ഈറനു
വേണ്ടി നാക്കു നീട്ടി.
പുല്‍കൊടികള്‍ നിഹാരവിരഹത്താല്‍
തളര്‍ന്നു കിടന്നു.
നിള നഷ്ട്ടപ്പെട്ട പുടവയോര്‍ത്ത്
മൌനമായി വിതുമ്പി.
ഇരുകാലികളില്‍ ആര്‍ത്തിയുടെ
പകയേറി.
എന്നിട്ടും ഇടവപ്പാതി
വിരുന്നു വന്നില്ല.
മീനം കടമ മറന്ന
കുടുംബിനിയായി.

Thursday, October 18, 2012

വെറുതെ…


വൃദ്ധസദനത്തിലെ ആശയറ്റ
മുറിക്കുള്ളിലതായൊരു പേകോലം
തളർന്നിരിപ്പു.

അസ്ത്മയ സൂര്യനെരിഞ്ഞടങ്ങിയാ
നയനങ്ങൾ;
വറ്റിവരണ്ട തടാകം പോൽ
നിശ്ചലമായി നിൽപ്പു.

ജാലകപ്പഴുതിലൂടെ
ഋതുഭേദങ്ങൾ മാറിമറിയവെ
മരച്ചില്ലയിലെ സ്വപ്നക്കൂടും
കാറ്റിലുലഞ്ഞു വീണു.

മാറോടണച്ചും കൊഞ്ചിച്ചും
വളർത്തി;
ഹൃദയമോരോന്നും നെയ്തെടുത്തു.

പൊട്ടിത്തകർന്നൊരാ-
ക്കണ്ണികളൊക്കെയും;
കാലത്തിൻ വിഷമഴയിലൊഴുകി
പോയി.

പൂത്തു നിന്നൊരു
സ്നേഹപ്പൂക്കളൊക്കെയും
സ്വാർത്ഥതൻ ചിന്തയാൽ
കരിഞ്ഞുണങ്ങി.

സുഖസൌകര്യങ്ങളിലാസ്വദിച്ചു
ലയിപ്പാൻ;
എല്ലാം ത്യജിച്ചൊരാ വൃദ്ധമന-
സ്സിനെയോ കൈ വെടിഞ്ഞു.

ആശ്രയമാകുമെന്നു നിനച്ചൊരാ-
മോഹങ്ങളൊക്കെയും;
പറയാതെ വന്ന പേമാരിയിലൊലി
ച്ചു പോയി.

വിടപറയും നേരത്തായി
കാലിടറിയെങ്കിലും;
വെറുതെയൊരു പിൻവിളിക്കായി
കാതോർത്തു പോയി

തെറ്റെന്തു ചെയ്തതെന്നറിയാതെ
മരവിച്ച മനമായി
ശൂന്യതതൻ പടവിൽ
തരിച്ചു നിന്നു.

മക്കൾക്കു സന്തോഷിപ്പാൻ
ഇനിയെന്തു നൽകേണ്ടുവെന്നു
ചിന്തിച്ചിരിപ്പുണ്ടീ,
മതിൽക്കെട്ടിനുള്ളിലൊരു
മാതൃഹൃദയം.

(മെട്രോ വാർത്ത ഓണപ്പതിപ്പ്).

Monday, June 18, 2012

കാലനും മർത്ത്യനും


പതുക്കെ അരിച്ചു കയറുന്ന
വേദനയിൽ നിന്നും തുടങ്ങി-
യൊടുവിൽ,
ശരീരവുമാത്മാവും വേർപിരി-
യാനാവാതെ,
കദനത്താൽ നീറവെ
കാലൻതൻ മിഴിയിൽ നിന്നു-
മുതിർന്നു വീഴുമൊരു തുള്ളി
മിഴിനീർ.

ശരീരവയവങ്ങളോരോന്നായി
അറുത്തെടുത്ത്,
രുധിരം ചിന്നിത്തെറിക്കവെ
പേടിയോടെ ഓടിയകലുമാത്മാ-
വിനെ നോക്കി,
ആർത്തട്ടഹസിക്കുമൊരു
കൂട്ടം മർത്ത്യർ.

ഒന്നുമറിയാതെ തോരാത്ത
കണ്ണുനീരിലുറ്റവർതൻ
മനസ്സ് മരിക്കവെ
പൈശചികഭാവം പൂണ്ട
പ്രതികാരദാഹികളെന്തു
നേടി?

Wednesday, February 29, 2012

സ്കൂൾബാഗ്

(മുക്കാൽഭാഗം അനുഭവങ്ങളും കാൽഭാഗം ഭാവനയും കലർത്തി എഴുതിയ എന്റെ അനുഭവക്കഥ)


കിണാശ്ശേരി (കോഴിക്കോട് ജില്ല) ഹൈസ്കൂളിന്റെ ഗേറ്റ് കടന്നപ്പോൾ മനസ്സിലൊരു കുളിരു തോന്നി.നോവുണർത്തുന്ന തിരിച്ചെടുക്കാനാവാത്തൊരു നഷ്ട്ടബോധം.സ്കൂൾ ഒരമ്മയെ പോലെ വാത്സല്യത്തോടെ മാടിവിളിച്ചു.കൈ വിട്ടു പോയ തന്റെ മകളെ തിരിച്ചു കിട്ടിയ സന്തോഷത്തോടെ…

മക്കളെ പോലെ പ0ഇപ്പിച്ചും കളിപ്പിച്ചും ശാസിച്ചും നെഞ്ചോട് ചേർത്ത് അറിവ് പകർന്നു തന്ന് അവസാനം നിന്റെ കൈ വിട്ട് ദൂരേയ്ക്ക് യാത്രയാവുമ്പോൾ ആര് ആരെയാണ് ആശ്വസിപ്പിച്ചത്? നീയെനിക്ക് അമ്മയാണ്.ഒളിപ്പിച്ചു വെച്ച പ്രണയരഹസ്യങ്ങൾ പങ്കു വെച്ച കൂട്ടുകാരിയാണ്.

എന്റെ പ്രിയ കൂട്ടുകാരി… ഞാനിതാ വന്നിരിക്കുന്നു.നിന്റെ ചുടുനിശ്വാസത്തിലലിഞ്ഞ് ഓർമ്മകളെ അയവിറക്കാൻ ഞാനിതാ വന്നിരിക്കുന്നു.

അമ്മാവനും പ്രിൻസിപ്പാളുമായ സെയ്ദ് മുഹമ്മദ്ക്കയോട് അനുവാദം വാങ്ങിയിട്ടാണ് ആ ഒഴിവ് ദിവസം ഞാൻ സ്കൂളിലെത്തിയത്.നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം പച്ചയും ചന്ദനനിറത്തിലുമുള്ള ചുരിദാർ ധരിച്ച ഒരു വിദ്യാർത്ഥിനിയുടെ മനോഭാവത്തോടെ എന്റെ ആ പത്താം ക്ലാസ്സ് മുറിയുടെ വാതിൽ ഞാൻ തള്ളിത്തുറന്നു. വിറയാർന്ന കാൽവെപ്പോടെ ഞാൻ അകത്തേക്ക് കയറി.ഓടിയെത്തിയ ഈറൻകാറ്റ് അവിടെ പരുങ്ങി നിന്നു.

ലാസ്റ്റ്ബെഞ്ചിൽ നിന്നും ആരോ “തത്തമ്മേ…പൂച്ച…പൂച്ച” എന്നു പറയുന്നത് പോലെ.ഞാൻ ചെവി വട്ടം പിടിച്ചു ശ്രദ്ധിച്ചു.അതെ,അത് വീണ്ടും കേൾക്കുന്നു.
“തത്തമ്മേ…പൂച്ച…പൂച്ച”
“മ്യാവു…മ്യാവു…”ഏറ്റു പറയുന്ന ശബ്ദവും.

ഞാൻ ലാസ്റ്റ്ബെഞ്ചിന്റെ അരികിലേക്ക് നടന്നു.നിറം മങ്ങിയ ഡെസ്കിൽ കുത്തി വരച്ചതും കോപ്പിയെഴുതിയതും ബ്ലേഡ് കൊണ്ട് ചുരണ്ടിയതുമായ അനേകം പാടുകൾ.ഇവിടെയാണ് അവരിരുന്നത്. ഷർത്താജും,അഫ്സലും,ഫൈസലും,ഷംനാദുമെല്ലാം.
“എടാ,ക്ലാസ്സിൽ പുതിയൊരു കുട്ടി വന്നിട്ടുണ്ട്.”
പുതിയ കുട്ടിക്ക് അവർ പേരിട്ടു.”തത്തമ്മ”.അങ്ങനെ ഞാൻ അവരുടെ തത്തമ്മയായി.

ഞാനും ജംഷിയും സബീനയും ഇരുന്ന മുൻബെഞ്ചിനെ നിറക്കണ്ണുകളോടെ തലോടി.ഞങ്ങൾ നാൽവർ സംഘമായിരുന്നു. ഞാനും,ജംഷിയും,സബീനയും,ഷബ്നയും. ഷബ്ന സബീനയുടെ അനിയത്തിയാണ്. അവൾ വേറെ ഡിവിഷനിലായിരുന്നു. നാൽവർ സംഘത്തിൽ രണ്ട് ഷബ്നകളായപ്പോൾ എനിക്ക് വേറൊരു പേര് വീണു. “ഷെബു” എന്റെ ജംഷിയിട്ട പേര്.

ഞാനും ജംഷിയും അടുത്തടുത്താണ് ഇരിക്കുക. അവളെപ്പോഴും എന്റെ തോളിൽ തലവെച്ച് എന്നോട് ചേർന്നിരിക്കും. സാർ ക്ലാസ്സെടുക്കുമ്പോഴും അങ്ങനെ തന്നെ. ഞങ്ങളുടെ സ്നേഹവും കുസൃതിത്തരങ്ങളും കണ്ട് മറ്റു കുട്ടികൾ ചോദിക്കും.
“നിങ്ങൾ മുമ്പെ പരിചയമുണ്ടൊ?”
ഞാൻ പത്താം ക്ലാസ്സിൽ വെച്ചാണ് ജംഷിയെ ആദ്യമായി കാണുന്നത്. രണ്ടുമൂന്ന് ദിവസം കൊണ്ട് ഞങ്ങൾ വലിയ സുഹൃത്തുക്കളായി. ഏതോ ആത്മബന്ധം പോലെ…

ഇന്നാദ്യമായി അവളില്ലാതെ ഞാനീ ബെഞ്ചിൽ…എന്റെ പ്രിയ കൂട്ടുകാർ അവരുടേതായ പുൽമേട്ടിൽ മേഞ്ഞു നടക്കുന്നുണ്ടാവും. ഞാനും അങ്ങനെയായിരുന്നു. എന്റെ കുടുംബം, എന്റെ തിരക്ക് അതിൽ മാത്രം മുഴുകി കഴിയുകയായിരുന്നു. കുറച്ചു ദിവസമായി മനസ്സിനെയാരോ ഭൂതകാലത്തിലേക്ക് കൊളുത്തിട്ട് വലിക്കുന്നു. അങ്ങനെ ഞാനിവിടെയെത്തി. വല്ലാത്തൊരു നഷ്ട്ടബോധത്തോടെ…

കണക്കദ്ധ്യാപകൻ രാമേന്ദ്രന്മാഷ് ക്ലാസ്സിലേക്ക് കയറി വന്നൊരു ദിവസം. ചിന്നിച്ചിതറിയിരുന്ന ഞങ്ങൾ ഓരോരുത്തരും അടുക്കും ചിട്ടയുമായി ഇരിക്കാൻ തുടങ്ങി. അന്ന് ലോഗരിതമാണ് മാഷ് പ0ഇപ്പിക്കുന്നത്.ഷർത്താജിന്റെയും കൂട്ടുകാരുടേയും വികൃതികൾ കണ്ട് ചീത്ത പറയുമ്പോഴും മാഷ് അവരോട് ചിരിക്കുകയാണെന്നേ തോന്നു. തടിച്ചുരുണ്ട മാഷിന്റെ മുഖത്ത് എപ്പോഴും നിഷ്ക്കളങ്കമായ പുഞ്ചിരിയും കുട്ടിത്ത്വവും മായാതെ തങ്ങിനിൽക്കുന്നതായി എനിക്ക് തോന്നാറുണ്ട്.

അന്ന് മാഷിന്റെ നിർദ്ദേശപ്രകാരം ഷംനാദ് ഓഫീസ് റൂമിൽ നിന്നും ചോക്കെടുത്ത് വരുമ്പോൾ, അവൻ എന്റെ കണ്ണിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു. ചെറിയൊരു പുഞ്ചിരിയോടെ…മാഷിന്റെ കൈയ്യിൽ ചോക്ക് കൊടുക്കുമ്പോഴും അവന്റെ ബെഞ്ചിലേക്ക് നടന്നു പോവുമ്പോഴും ആ നോട്ടം അവൻ പിൻവലിച്ചില്ല. ആ നോട്ടത്തിൽ ഞാനും വല്ലാതായി. ചെറിയൊരു ചമ്മലോടെ, നാണത്തോടെ ഞാൻ മുഖം താഴ്ത്തിയിരുന്നു. കുട്ടികൾ അവനേയും എന്നേയും മാറി മാറി നോക്കി. പെട്ടെന്ന് “ടപ്പോ” എന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. കണ്ണും മൂക്കുമില്ലാതെ നടന്നതിന് അവൻ അതാ ബെഞ്ച് തടഞ്ഞ് താഴെ വീണു കിടക്കുന്നു. കൂസലില്ലാതെ എഴുന്നേറ്റ് കണ്ണിമച്ചിമ്മാതെ വീണ്ടും നോട്ടം ആവർത്തിച്ച് അവൻ ബെഞ്ചിൽ പോയിരുന്നു. കുട്ടികളുടെ പൊട്ടിച്ചിരിയിൽ ലോഗരിതം എഴുതുന്ന മാഷിന്റെ മുഖത്തും പുഞ്ചിരി തെളിയുന്നത് ഞാൻ ഒളിക്കണ്ണിട്ട് നോക്കി.

അന്നവൻ എന്തിനാണ് അങ്ങനെ നോക്കിയതെന്ന് ഇന്നും എനിക്കറിയില്ല. പത്താം ക്ലാസ്സ് വാർഷിക പരീക്ഷ കഴിഞ്ഞ് വിട പറയാൻ നേരം ആരും ആരേയും ആശ്വസിപ്പിച്ചില്ല.ഒരു യാത്ര പോലും പറഞ്ഞില്ല.ഒന്നും പറയാനാവാതെ എല്ലാവരും പരസ്പരം സമ്മാനങ്ങൾ കൈമാറി നനവാർന്ന മിഴികളോടെ നോക്കി നിന്നതേയുള്ളു. പറയാൻ മറന്നതെന്തൊക്കെയോ ഓർത്തെടുക്കുന്നത് പോലെ…

വാതിലടക്കാൻ നേരം നാൽപ്പത്തിയാറ് കുട്ടികളും ക്ലാസ്സിൽ നിരന്നിരിക്കുന്നതായി എനിക്ക് തോന്നി. മലയാളത്തിന്റെ കട്ടിയുള്ള ടെക്സ്റ്റ്ബുക്ക് പൊക്കി പിടിച്ച് ലൂസുള്ള പാന്റ് ഇടയ്ക്ക് വലിച്ചു കയറ്റി രാമചന്ദ്രൻ മാഷ് ഞങ്ങളെ മലയാളം പ0ഇപ്പിക്കുന്നു. ഞങ്ങൾ ശ്രദ്ധയോടെ കേട്ടിരിക്കുന്നു. വാതിൽ പതിയെ അടച്ച് താഴിട്ട് വാതിലിനോട് ചേർന്ന് ഞാൻ കാതോർത്തു. മാഷിന്റെ സംസാരം അവിടെ മുഴങ്ങി നിന്നു.
അധികനേരം അവിടെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. മുറ്റത്തിറങ്ങി കണ്ണീരോടെ ഞാൻ ആകാശത്തിലേക്ക് നോക്കി. തലക്ക് മുകളിൽ കാർമേഘം ഉരുണ്ടുകൂടി വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി നിന്നു. മഴത്തുള്ളികൾ നെറുകെയിൽ തലോടിയപ്പോൾ അറിയാതെ വീണ്ടും കണ്ണു നിറഞ്ഞു. തന്റെ പ്രിയ ശിഷ്യയെ സ്വർഗ്ഗത്തിലിരുന്ന് രാമചന്ദ്രൻ മാഷ് കാണുന്നുണ്ടാവും.സജലങ്ങളായ നയനങ്ങളോടെ…

ഞങ്ങൾ സ്കൂളിന്റെ പടിയിറങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴാണ് രാമചന്ദ്രൻ മാഷ്…സെയ്ദുക്ക വിവരം പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. അറ്റാക്കായിരുന്നു. അവസാനമായി ഒന്നു കാണാൻ പോലും പറ്റിയില്ല. മാഷിന്റെ രൂപവും സ്വരവും ഉപദ്ദേശവും മായാതെ ഇന്നും മനസ്സിലുണ്ട്. കാലത്തിന്റെ യവനികക്കുള്ളിൽ മറക്കാനാവാത്ത ഒരോർമ്മയായി…

സ്കൂൾ അങ്കണത്തോടും തണൽമരങ്ങളോടും യാത്ര പറഞ്ഞ് ഞാൻ എന്റെ തറവാടായ, തറവാടായിരുന്ന തറമ്മൽ ഹൌസിലേക്ക് തിരിച്ചു.

*********************
രണ്ട് ഇടവഴി കഴിഞ്ഞു വേണം തറവാട്ടിലെത്താൻ. പണ്ട് കഷ്ട്ടിച്ച് ഒരു ബൈക്ക് പോയിരുന്ന ആ ഇടവഴിയിൽ ഇപ്പോൾ കാറും ഓട്ടോയും പോവുന്നുണ്ട്. പടർന്ന് പന്തലിച്ച് നിൽക്കുന്ന രണ്ട് മാവുണ്ടായിരുന്നു തറവാടിന്റെ മുറ്റത്ത്. ഇപ്പോൾ ഒന്നേയുള്ളു. അതാണെങ്കിൽ ഒരില പോലുമില്ലാതെ പൂത്തിരിക്കുന്നു. ചുവട്ടിൽ വീണു കിടക്കുന്ന മൂന്നാല് കണ്ണിമാങ്ങകൾ പെറുക്കി തറവാടിന്റെ അടുത്തേക്ക് ഞാൻ നടന്നു. മഴക്കാലമായാൽ മുറ്റത്തിന്റെ കാര്യം പറയണ്ട. ഷൂവിട്ട് ഇറങ്ങേണ്ട ആവശ്യമില്ല. ആ മണ്ണിലൊന്ന് വെറുതെ ഇറങ്ങി നിന്നാൽ മതി. അസ്സലൊരു ഷൂ റെഡി. എങ്കിലും ആ മണ്ണും മണ്ണിന്റെ ഗന്ധവും ഞാനിന്നും ഇഷ്ട്ടപ്പെടുന്നു. എന്റെ ജീവനേക്കാൾ…

ഒച്ചയും അനക്കവുമില്ലാതെ എന്റെ തറവാട് ഒരു ഏകാകിയെ പോലെ നിൽക്കുന്നു. അവിടെയെങ്ങും ഒരു വിഷാദഭാവം അലയടിക്കുന്നു. ഉറ്റവരാരൊക്കെയൊ പിരിഞ്ഞു പോയതിലുള്ള മനോവേദനയിൽ എന്റെ തറവാട് വെന്തുരുകുന്നതായി എനിക്ക് തോന്നി. വെള്ള പെയിന്റടിച്ച ഭിത്തിയിൽ മുഖം ചേർത്ത് തലോടി ഞാൻ മന്ത്രിച്ചു.
“ഓർക്കുന്നുണ്ടൊ നീയെന്നെ?”
അപ്പോൾ ഒരു കുഞ്ഞുത്തെന്നൽ വന്നെന്നെ തഴുകി പോയി.

വെല്ലിമ്മന്റെ റൂമിൽ ജാലകം തുറന്നു കിടക്കുന്നു. ഞാൻ അതിലൂടെ ആ റൂമിലൊട്ടാകെ കണ്ണോടിച്ചു. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല.

ഓരോ അവധിക്കാലത്തും കെട്ടും മാറാപ്പുമായി മക്കളും പേരക്കുട്ടികളും ഇടവഴി കടന്ന് തറവാട്ടിലേക്ക് വരുന്നത് കാത്ത് കണ്ണിൽ എണ്ണയൊഴിച്ച് എടുത്തുവെച്ച പലഹാരപ്പൊതിയും കളിപ്പാട്ടവുമായി എന്റെ വെല്ലിമ്മ ജനലഴികൾ പിടിച്ച് നിൽപ്പുണ്ടാവും. ഇന്നാ വരവും പ്രതീക്ഷിച്ചിരിക്കാൻ വെല്ലിമ്മയില്ല. ആ നഷ്ട്ടബോധം എന്നെ കൂടുതലായി തളർത്തി. തറവാടിന്റെ ചുമരിനോട് ചേർന്ന് ഞാൻ തേങ്ങി.

ഇബ്രാഹിംക്കയും (ഞങ്ങൾ സ്നേഹത്തോടെ വെല്ലിപ്പയെന്ന് വിളിക്കും. വെല്ലിപ്പയില്ലാത്ത ഞങ്ങൾക്ക് ആ സ്നേഹം തന്നത് ഇബ്രാഹിംക്കയാണ്.) സുബുഅമ്മായിയും, എളാമ്മയും (അമ്മായിയുടെ ഉമ്മ),മക്കളും,കാദർക്കയും (ഞങ്ങളുടെ തടിച്ചപ്പ),താഹിറമ്മായിയും,മക്കളും,അസ്മ മൂത്തമ്മയും,മൂത്താപ്പയും,മക്കളും അടങ്ങുന്നൊരു അവധിക്കാലം. ഞങ്ങൾ കുട്ടികൾ അടിച്ചുപ്പൊളിച്ചു കറങ്ങി നടക്കുന്ന സമയം. ജാസിന എവിടെ നിന്നോ ചിക്കൻബോക്സുമായി വന്നു. ജാസിത്ത് അത് സ്വീകരിച്ചു. പിന്നെ ജാസിക്ക്,ഞാൻ,സോഫിത്ത,സെയ്ദ്ക്ക,ബാബുക്ക അങ്ങനെയൊരു ചങ്ങലയായി.തറവാടിന്റെ ഒരു റൂം തന്നെ മുതിർന്നവർ ഞങ്ങൾക്കായി തന്നു. അവിടെ ആര്യവേപ്പില കൊണ്ട് പരസ്പരം ചൊറിഞ്ഞും താമാശകൾ പറഞ്ഞും ഞങ്ങൾ രാവിനേയും പകലിനേയും ആട്ടിപ്പായിച്ചു.

ജാസർക്കക്ക് മാത്രം ചിക്കൻബോക്സ് വന്നില്ല. ജാസർക്ക ഞങ്ങളുടെ റൂമിന്റെ വാതിൽ തുറന്ന് ഞങ്ങളെ കളിയാക്കി പൊട്ടിച്ചിരിക്കും. ഒപ്പം മൂന്നാല് നൃത്തച്ചുവടുകളും…ജാസർക്ക വാതിലിൽ ഒരു പേരെഴുതി വെക്കുകയും ചെയ്തു. “ചിക്കൻബോക്സ് വാർഡ്”.

ആ രോഗം വന്നതു കൊണ്ട് ഞങ്ങൾക്ക് ഭക്ഷണകാര്യത്തിൽ കുറേ നിയന്ത്രണങ്ങളുണ്ടായിരുന്നു. കൊതിപ്പിക്കുന്ന വിഭവങ്ങൾ കൊണ്ട് വന്ന് ജാസർക്ക വാതിൽപ്പടിയിലിരുന്ന് ഞങ്ങളെ നുണപ്പിക്കും. അപ്പോൾ അവരോട് ദേഷ്യവും അസൂയയും മുളപൊട്ടും. ജാസർക്ക കാണാതെ ഞാൻ ഉണങ്ങിക്കരിഞ്ഞ ചിക്കൻബോക്സിന്റെ പറ്റയെടുത്ത് അവരുടെ ദേഹത്തൊട്ടിക്കും. എന്നിട്ടുണ്ടൊ ജാസർക്കക്ക് വല്ല കുലുക്കവും. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലയെന്ന മട്ടിൽ ജാസർക്ക ധൈര്യത്തോടെ ഞങ്ങൾക്കിടയിലൂടെ ഞങ്ങളെ ദേഷ്യം പിടിപ്പിച്ചും സ്നേഹിച്ചും നടന്നു.

എല്ലാ വൈകുന്നേരങ്ങളിലും സെയ്ദുക്കയും ആയിഷമ്മായിയും മക്കളും,കദീജ മൂത്തമ്മയും, മൂത്താപ്പയും,മക്കളും,റസിയാന്റിയും ആപ്പാപ്പയും,മക്കളും വരും. പിന്നെ ഉമ്മറപ്പടിയിൽ വരിക്കിരുന്ന് പേൻ നോക്കലും സൊറ പറയലും കൂടി ആകെ ബഹളമാവും. നേരം പോയി രാത്രിയാവുന്നത് അറിയില്ല. രാത്രിയായാൽ ഇബ്രാഹിംക്ക കൊണ്ടു വരുന്ന പലഹാരത്തിനുള്ള കാത്തിരിപ്പാവും.
ഗഫൂർക്ക ഗൾഫിൽ നിന്നും വന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ തറവാട്ടിലേക്ക് പുതിയൊരു അതിഥി കൂടി വന്നു. “ഷെറിമാമി”. എന്തിനും ഏതിനും ചിരിക്കുന്ന അവരുടെ ചിരി കാണാൻ നല്ല ഭംഗിയാണ്.
****************

എല്ലാവരും വീടെടുത്ത് താമസം മാറിയപ്പോൾ തറവാട്ടിൽ അവശേഷിച്ചത് അസീസ്ക്കയും കുഞ്ഞോളമ്മായിയും മക്കളും,ഗഫൂർക്കയും ഷെറിമാമിയും മോളും,ഞാനും ഉമ്മയും അനിയത്തി മർവാറോഷിനും,വെല്ലിമ്മയുമാണ്.മൂന്ന് കൊല്ലത്തെ എന്റെ പ0നത്തിനു വേണ്ടിയാണ് ഞങ്ങൾ അവിടെ താമസിച്ചത്.അത് കഴിഞ്ഞാൽ ഞങ്ങളും പൊന്നാടുള്ള (മലപ്പുറം ജില്ല) പുതിയ വീട്ടിലേക്ക് താമസം മാറ്റും.അപ്പോഴേക്കും ഉപ്പ ദമാമിൽ നിന്നും വരും.

കുഞ്ഞോളമ്മായിയും മക്കളായ റിഷാദ്ബാബുവും ഫവാസും ഫൈജാസും രാത്രിയായാൽ പൊരിഞ്ഞ തല്ലാണ്.ഫൈജാസിന് സന്ധ്യയായാൽ എവിടെ നിന്നാണെന്നറിയില്ല ഒരു തലവേദന വരും.(കള്ള തലവേദനയെന്നും പറയാം). പിന്നെ മൂടിപ്പുതച്ച് ഒറ്റ കിടപ്പാണ്. ഫവാസ് പുസ്തകം തുറന്ന് എന്തൊക്കെയോ കുത്തിക്കുറിക്കും. റിഷാദ് ബാബുവാകട്ടെ എന്തൊക്കെയോ ഗോഷ്ടി കാണിച്ച് എന്നെയും മർവയേയും ഗഫൂർക്കയുടെ മകൾ ഷാനുവിനേയും ചിരിപ്പിക്കും. ഇതെല്ലാം കണ്ട് ദേഷ്യം പിടിച്ച് നിൽക്കുന്ന കുഞ്ഞോളമ്മായി മക്കളുടെ പ0നത്തോടുള്ള അലർജി മാറ്റാൻ ചൂരൽവടിയുമായി റൂമിൽ കയറി വാതിലടക്കും. പിന്നെ പറയണ്ട അടിപൂരം.ഫൈജാസിന്റെ മൂക്ക് ചീറ്റലും ഫവാസിന്റെ ശുണ്0ഇയിൽ കലർന്ന പിറുപിറുക്കലും അടിക്കൊള്ളുമ്പോഴുള്ള റിഷാദ് ബാബുവിന്റെ ചിരിയും കേൾക്കുമ്പോൾ എനിക്ക് ചിരിക്കണോ കരയണോ എന്നറിയില്ല. വെല്ലിമ്മയുടെ ജാമ്യത്തിൽ അന്നത്തെ അടിപ്പൂരത്തിന് തിരശ്ശീല വീഴുമ്പോൾ മൂന്ന് പേരും നല്ല പിള്ള ചമഞ്ഞ് ഒരോ മൂലയിലും പുസ്തവും തുറന്ന് വെച്ചിരിപ്പുണ്ടാവും.

ഒരു ദിവസം രസകരമായൊരു സംഭവമുണ്ടായി. കുഞ്ഞോളമ്മായി റിഷാദ് ബാബുവിന്റെ ബാഗിൽ നിന്നും പുസ്തകങ്ങളെടുത്ത് പരിശോധിക്കുകയാണ്. അവൻ ഹോംവർക്കൊക്കെ ചെയ്യുന്നുണ്ടൊയെന്ന് നോക്കണ്ടെ. ഒരു ടെക്സ്റ്റ് ബുക്കെടുത്ത് വെളിയിലേക്ക് വെച്ചപ്പോൾ അതിന്റെ മുകളിലുണ്ട് മൂന്ന് ചെറിയ എലിക്കുഞ്ഞുങ്ങൾ. അത് കണ്ട് ഞങ്ങളെല്ലാവരും അന്തം വിട്ട് കുത്തം വിഴുങ്ങിയതു പോലെ നിന്നു പോയി. പുള്ളിക്കാരൻ സ്ഥലത്തില്ലാത്തതിനാൽ അവന് കാണാൻ വേണ്ടി ആ ബുക്ക് അതുപോലെ മാറ്റി വെച്ചു. കളി കഴിഞ്ഞ് പാട്ടും പാടി അവൻ വരുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് ചിരി വന്നു. പക്ഷെ,ചിരിക്കാതെ പിടിച്ച് നിന്നു. ഞങ്ങളോട് വികൃതിച്ചിരി ചിരിച്ച് അവൻ റൂമിലേക്ക് കയറുമ്പോൾ അമ്മായി വഴി തടഞ്ഞു.
“എന്താടായിത്?”
അവൻ ഒന്നും മനസ്സിലാവാതെ ഞങ്ങളെ നോക്കി. പിന്നെയാണ് തന്റെ ബുക്കിൽ ചേക്കേറിയ എലിക്കുഞ്ഞുങ്ങളെ കാണുന്നത്. അപ്പോഴത്തെ അവന്റെ നിൽപ്പും മുഖഭാവവും കണ്ടപ്പോൾ പിടിച്ചു നിർത്തിയിരുന്ന ചിരി അറിയാതെ പുറത്തു ചാടി. പിന്നെ അവിടെയൊരു കൂട്ടച്ചിരി മത്സരമായിരുന്നു. എപ്പോഴും ചിരിക്കാറുള്ള അവൻ മാത്രം ചിരിക്കാതെ എലിക്കുഞ്ഞുങ്ങളെയെടുത്ത് പുറത്തേക്ക് പോയി.
****************

ചില ദിവസങ്ങളിൽ രാത്രി ഞങ്ങൾ കുട്ടികളെല്ലാവരും വട്ടം കൂടിയിരുന്ന് പ്രേതങ്ങളുടെയും ജിന്നുകളുടെയും കഥകൾ പറയും. അവരെ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കുന്നത് ഈ ഞാൻ തന്നെ. പൊന്നാട് നിന്നും കിട്ടുന്ന കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു കൊടുക്കും. ഭീകരസംഭവങ്ങൾ കേൾക്കുമ്പോൾ അവരുടെ മുഖത്ത് കാണുന്ന ഭീതി കണ്ട് ഞാൻ സന്തോഷിക്കും. കഥ കേൾക്കുമ്പോഴും കേട്ടു കഴിഞ്ഞുള്ള കുറച്ചു സമയവും മാത്രമെ അവർക്ക് പേടിയുണ്ടാവു. പിന്നെ അവരത് മറക്കും. ഞാൻ അങ്ങനെയല്ല. രാത്രി കിടന്നാലും കുറേ കഴിയും ഉറക്കം വരാൻ. രാത്രിയുടെ നിശബ്ദതയിൽ ഞാൻ പറഞ്ഞ് കൊടുക്കുന്ന കാര്യങ്ങൾ എന്നെ തന്നെ പേടിപ്പിക്കും. നിലാവുള്ള രാത്രിയിൽ ആ പേടി ഒന്നു കൂടി കൂടും. ആരൊക്കെയൊ ജനലിന്റെ അപ്പുറത്ത് വന്നു നിൽക്കുന്നതായും അടക്കം പറയുന്നതായും തോന്നും. അങ്ങനെ പേടിച്ച് ചുമരിനോട് ചേർന്ന് ചുരുണ്ടു കൂടി കിടക്കുമ്പോൾ പെട്ടെന്നൊരു ശബ്ദം കേട്ടു. ഒരു ചിലങ്കയുടെ ശബ്ദം.ദൂരെ മാളുവമ്മയുടെ കണ്ടത്തിൽ നിന്നുമാണ് ആ ശബ്ദം വരുന്നത്. ഒപ്പം ദൂരെയെങ്ങോ നിന്നും ഒരു നായയുടെ ഓരിയിടലും. അത് അടുത്തേക്ക് വളരെ അടുത്തേക്ക് നടന്നു വരുന്നു. ഉമ്മയും മർവയും നല്ല ഉറക്കമാണ്. ഉണർത്താൻ കൈയ്യും നാവും പൊങ്ങുന്നില്ല. ഞാൻ തലയണയോട് മുഖം അമർത്തി ചെവി പൊത്തി കിടന്നു. ആ ശബ്ദം ചെവി തുളച്ചു കയറുന്നു. അതോടൊപ്പം ചെണ്ട കൊട്ടും പോലെ എന്റെ ഹൃദയമിടിപ്പും. എനിക്ക് ഉറക്കെ നിലവിളിക്കണമെന്ന് തോന്നി. അത് എന്റെ ശബ്ദം കേട്ടാൽ കഥ തീർന്നതു തന്നെ. ഞാൻ ശ്വാസം പോലും വിടാതെ വാ പൊത്തിക്കിടന്നു. ചിലങ്കയുടെ ശബ്ദം അകന്നകന്നു പോയി. മുറ്റവും മാവും ഇടവഴിയും കടന്ന്.

രാവിലെയായപ്പോൾ ഞാൻ താഹിറമ്മായിയോട് വിവരം പറഞ്ഞു. അവിടെയുള്ള ചിലരൊക്കെ ആ ശബ്ദം കേട്ടിട്ടുണ്ടത്രെ. അതൊരു എതിർപോക്കാണ്. കച്ചേരിക്കുന്ന് അമ്പലത്തിൽ നിന്നും കിണാശ്ശേരി അമ്പലത്തിലേക്കാണ് അത് പോവുന്നത് എന്നാണ് ചിലരുടെ വിശ്വാസം. നായ ചങ്ങല വലിച്ച് പോവുന്നതാണെന്നും പറയുന്നു. ഒരു ദിവസം ആ ശബ്ദം കേട്ടപ്പോൾ കാദർക്കയും താഹിറമ്മായിയും പുറത്തിറങ്ങി നോക്കി. ശബ്ദം കേൾക്കുകയല്ലാതെ ആരേയും കണ്ടില്ല. ചെറിയ രോഗങ്ങൾക്കും മനഃപ്രയാസങ്ങൾക്കും വെള്ളവും നൂലും മന്ത്രിച്ച് കൊടുക്കുന്ന വാവകാക്കയുടെ വീട്ടിൽ റാത്തീബ് നടക്കുമ്പോൾ ചിലങ്കയുടെ ശബ്ദം പതിവിലും കവിഞ്ഞ് കേൾക്കാമത്രെ. പക്ഷെ,അതിനെക്കുറിച്ച് വ്യക്തമായ ഒരു വിവരം ഇന്നും ആർക്കും അറിയില്ല്ല.പലരും പലതും പറയുന്നു.
*****************

എപ്പോഴും നിറഞ്ഞു നിൽക്കാറുള്ള തറവാടു മുറ്റത്തെ കിണറ്റിൻകരയിലേക്കാണ് ഞാൻ പിന്നീട് നടന്നത്. ആ കിണറിന് ഒരു പ്രത്യേകതയുണ്ട്. രണ്ടു ഭാഗമായിട്ടാണ്. കുളിമുറിയിൽ നിന്നു തന്നെ വെള്ളം കോരി കുളിക്കാം. അവിടെയൊന്നും ഒരു മാറ്റവുമില്ല. എല്ലാം പഴയതു പോലെ തന്നെ. ഞാനും ജംഷിത്തയും ജാസിനയും സോഫിത്തയും ഒരുമിച്ചാണ് കുളിക്കാൻ കയറുക. കുളി മുറിയുടെ വെള്ളം പോവുന്ന ഭാഗത്ത് ഞങ്ങൾ തുണി കൊണ്ടടക്കും. കിണറിൽ നിന്നും വെള്ളം മുക്കിയെടുത്ത് അവിടെയൊരു സ്വിമ്മിംങ്പൂളാക്കും. അതിൽ ഞങ്ങൾ നീന്തിക്കളിക്കും.

രണ്ടു മണിക്കൂർ കഴിഞ്ഞാലും കുളി കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങില്ല. മുതലകളെ പോലെ വെള്ളത്തിലങ്ങനെ പൊങ്ങിക്കിടക്കും. ഒടുവിൽ മുതിർന്നവരുടെ ശകാരം കേട്ട് മനസ്സില്ലാമനസ്സോടെ പുറത്തിറങ്ങുമ്പോൾ കുളിമുറിയിൽ കയറാനുള്ള ഊഴവും കാത്ത് അവർ നിൽപ്പുണ്ടാവും. അവരിൽ നിന്നും തെറിവാക്ക് കേൾക്കുന്നതിനു മുമ്പെ ഞങ്ങൾ പാദസരം കിലുക്കി ചിതറിയോടും.

പ്രദീപൻ മാഷിന്റെ ട്യൂഷൻ ക്ലാസ്സ് ഇന്നില്ല. അടക്കി വെച്ച ഓടുകളും മരപ്പലകകളും മാത്രം. അവിടെ മൂന്ന് വർഷം ഞാൻ ട്യൂഷന് പോയതാണ്. ഞങ്ങളുടെ അടുക്കളയോട് ചേർന്ന മാളുവമ്മയുടെ പറമ്പിലാണ് അവർ കൂവച്ചെടി നട്ടുവളർത്തിയിരുന്നത്. ആരും കാണാതെ ഞങ്ങൾ കുട്ടികൾ കൂവ പറിച്ചെടുത്ത് നീര് ഊറ്റിക്കുടിച്ച് ചവച്ച് തുപ്പും. അത് കണ്ടു പിടിച്ച മാളുവമ്മ കൂവച്ചെടിയുടെ സ്ഥാനം മാറ്റി.

ഇന്ന് മാളുവമ്മ വാർദ്ധക്യത്തിന്റെ അവസാന പടവിലാണ്. വിജനമായി കിടക്കുന്ന അവരുടെ വീടിലേക്കും പറമ്പിലേക്കും ഞാൻ ഈറൻമിഴികളോടെ നോക്കി. ആ തൊടിയിലെങ്ങും അദൃശ്യമായി അവരുടെ സാന്നിധ്യമുള്ളതായി എനിക്ക് തോന്നി.

തറവാടിന്റെ കിഴക്കുഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നൊരു കുണ്ടും അതിൽ പരന്നു കിടക്കുന്നൊരു തരം ചെടിയുമുണ്ട്. ഇടയ്ക്കൊക്കെ അവിടെ നിന്നും കുളക്കോഴിയുടെ കരച്ചിൽ കേൾക്കാം. ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊന്നാമ്മയെ പിടിക്കാനിറങ്ങുമ്പോൾ ചിലപ്പോൾ കുളക്കോഴിയുടെ മുട്ടയും കിട്ടാറുണ്ട്.

ഇന്നവിടെ കുണ്ടുമില്ല വെള്ളവുമില്ല ചെടിയുമില്ല പൊന്നാമ്മയുമില്ല. അവിടെയൊക്കെ മണ്ണിട്ട് ഉയർത്തിയിരിക്കുന്നു. അതിനരികിലായിരുന്നു സീമപ്പഴവും അരിനെല്ലിയും പേരയുമെല്ലാം. അതിന്റെയൊന്നും ഒരു മുരടു പോലും ഇന്നവിടെ കാണാനില്ല.

തറവാടിന്റെ ഉമ്മറപ്പടിയിലിരുന്ന് ഞാൻ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. എല്ലാമെനിക്ക് അപരിചിതമായിരിക്കുന്നു. തിരിച്ച് കിട്ടണമെന്നാഗ്രഹിക്കുന്ന ആ കാലം ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല. പണ്ടൊക്കെ ആരെ കാണണമെങ്കിലും തറമ്മൽ ഹൌസിലേക്ക് വന്നാൽ മതിയായിരുന്നു. ഇന്ന് പല ഭാഗങ്ങളിലായി കിടക്കുന്ന ബന്ധങ്ങൾ തേടിപ്പിടിക്കാൻ പ്രയാസമാണ്.

വെല്ലിമ്മ തറവാടിനേയും ഞങ്ങളേയും വിട്ടുപോയതോടെ തറമ്മൽ ഹൌസിനെ ആരോ വേരോടെ പിഴുതെറിഞ്ഞു. സ്നേഹനിധിയായ വെല്ലിമ്മയുടെയും അകാലത്തിൽ ഞങ്ങളെ പിരിഞ്ഞ ഇബ്രാഹിംക്കയുടെയും ചുടുനിശ്വാസം അവിടെയെങ്ങും തങ്ങി നിൽക്കുന്നതായി എനിക്ക് തോന്നി. അതെന്റെ കവിളോടടുക്കുന്നു. “മോളെ” എന്ന വിളി അതിൽ മുഴങ്ങുന്നു. ഞാൻ അറിയാതെ കാതുപ്പൊത്തി തേങ്ങിക്കരഞ്ഞു.
“ആരാ?”
ഗ്രിൽസ് തുറന്ന് ഒരു സ്ത്രീ ഉമ്മറപ്പടിയിൽ വന്നു നിന്നു. ഞാൻ കണ്ണ് തുടച്ചുകൊണ്ട് എഴുന്നേറ്റു. അവരെന്നെ തുറിച്ച് നോക്കി വീണ്ടും ചോദിച്ചു.
“എന്താ?”
“ഞാൻ…ഞാ…”
ഒന്നും പറയാനാവാതെ എന്റെ ശബ്ദമിടറി. ഞാൻ ഒന്നും പറയാതെ അവിടെ നിന്നും പതിയെ ഇറങ്ങി നടന്നു. ഇടവഴി കടന്ന് തിരിഞ്ഞു നോക്കി. മുറ്റത്ത് ഞങ്ങൾ കുട്ടികളും മുതിർന്നവരും നിരന്നിരിക്കുന്നതായി എനിക്ക് തോന്നി. കാദർക്ക ഓല കൊണ്ടുള്ള കണ്ണിയെറിഞ്ഞ് പാട്ടും പാടി ഞങ്ങളെ കൊണ്ട് തിരയിക്കുന്നു.
“കണ്ണെറിഞ്ഞ് കലം കമഴ്ത്തി,
കലത്തിനുള്ളിൽ വെള്ളം വീഴ്ത്തി,
നീ കണ്ടോ…നീ കണ്ടോ…”

ഗാനത്തിന്റെ ആവേശത്തിലും കണ്ണി ഞാനെടുക്കുമെന്ന മത്സര ബുദ്ധിയോടെ മറ്റുള്ളവരെ തള്ളി മാറ്റി ഓരോരുത്തരും മുറ്റത്താകെ തിരയുന്നു. ഇടവഴിയിലൂടെ അതിവേഗം ഞാൻ മുന്നോട്ടു നടന്നു. മനസ്സിനെ കൊത്തി വലിക്കുന്ന നോവായി ആ ഗാനം അപ്പോഴുമെന്റെ കാതിൽ മുഴങ്ങി.