Wednesday, October 5, 2011
ഡൽഹി കദീസുമ്മ
ഇവർ കദീസുമ്മ.ദില്ലിവാല കദീസുമ്മയെന്നും പറയാം.എന്റെ ഈ പ്രാവശ്യത്തെ ചെറിയ പെരുന്നാൾ ആഘോഷം ഇവരോടൊപ്പമായിരുന്നു.പ0നത്തിന് പ്രായമൊരു തടസ്സമല്ലെന്ന് തെളിയിച്ച് മലപ്പുറം ജില്ലയിലെ കീഴുപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ അഭിമാനതാരമായി മാറിയ കദീസുമ്മയോടൊപ്പം.
പെരുന്നാൾ പിറ്റേന്ന് പുത്തൻ ഡ്രസ്സണിഞ്ഞ് കറങ്ങാൻ പോവുന്നത് ഞങ്ങളുടെ ശീലമാണ്.അതുകൊണ്ട് നോമ്പ് പകുതിയാവുമ്പോഴേക്കും പോവേണ്ട സ്ഥലം ഞാനും അനിയത്തിയും പ്ലാൻ ചെയ്തു വെക്കും.ഈ പ്രാവശ്യത്തെ യാത്ര എറണാക്കുളത്തേക്കായിരുന്നു തീരുമാനിച്ചിരുന്നത്.പക്ഷെ, മഴ ചതിച്ചു.എന്നാലും എനിക്ക് എവിടെയെങ്കിലും പോയെ മതിയാവു.അധികം ദൂരത്തല്ലാതെ എവിടെയെങ്കിലും.വീണ്ടും ഞാനും അനിയത്തിയും തല പുകഴ്ക്കാൻ തുടങ്ങി.അങ്ങനെ ചിന്തിച്ച് ടി.വിയിൽ ചാനൽ മാറ്റുമ്പോൾ ഒരു പ്രാദേശിക ചാനലിൽ “നാട്ടുവിശേഷത്തിൽ” കദീസുമ്മയെ കാണാനിടയായി.(ഇതിനു മുമ്പും ഇവരെ ടി.വിയിലും പത്രങ്ങളിലും കണ്ടിട്ടുണ്ട്.)
കദീസുമ്മയുടെ നാടൻ ശൈലിയിലുള്ള സംസാരത്തിലും കെസ്സുപ്പാട്ടിലും ഒപ്പനപ്പാട്ടിലും മയങ്ങി വീണ എനിക്ക് അവരെ കാണണമെന്ന ആഗ്രഹം മനസ്സിൽ നാമ്പിട്ടു.അപ്പോൾ അതാ ഉപ്പ പറയുന്നു “ഈ പ്രാവശ്യത്തെ യാത്ര കദീസുമ്മയുടെ അടുത്തേക്കായിക്കോട്ടെ”.രോഗി ഇച്ഛിച്ചതും പാൽ വൈദ്യൻ കൽപ്പിച്ചതും പാൽ.എനിക്ക് സന്തോഷമായി.
രാവിലെ അന്തരീക്ഷം കുറച്ചു തെളിഞ്ഞു.എങ്കിലും കാർമേഘശകലങ്ങൾ അങ്ങിങ്ങായി കൊഞ്ഞനം കുത്തി നിന്നു.എന്റെ വീട്ടിൽ നിന്നും കദീസുമ്മയുടെ വീട്ടിലേക്ക് കുറച്ചു ദൂരമെയുള്ളു.അതുകൊണ്ട് അവരോടൊന്നിച്ചുള്ള കൂടിക്കാഴ്ച്ച അല്പം വൈകിയോയെന്ന് തോന്നാതിരുന്നില്ല.കദീസുമ്മയുടെ നാട്ടിലെത്തി വീട് അന്വേഷിച്ചപ്പോൾ നാട്ടുക്കാരുടെ തിരിച്ചുള്ള ചോദ്യം “ഡൽഹി കദീസുമ്മയൊ”? എന്നായിരുന്നു.ഒരു കുഗ്രാമത്തിൽ ജീവിക്കുന്ന പെണ്ണിനെ ഭർത്താവിന്റെയൊ പിതാവിന്റെയൊ പേരിന്റെ കൂടെ പറയുമ്പോഴെ മനസ്സിലാവുകയുള്ളു.അങ്ങനെയുള്ള കീഴുപ്പറമ്പ് കുനിയിൽ ബീരാനിക്കയുടെ ഭാര്യ കദീസുമ്മ “ഡൽഹി കദീസുമ്മ” എന്നറിയപ്പെട്ടപ്പോൾ മനസ്സിലൊരു ചിരി വിടർന്നു.
കദീസുമ്മയെ നേരിൽ കണ്ടപ്പോൾ എനിക്ക് സന്തോഷവും അത്ഭുതവും അടക്കാനായില്ല.പ്രായം 71 ആയെങ്കിലും 45 ന്റെ പ്രസരിപ്പോടെ കദീസുമ്മ ഞങ്ങളെ സ്വീകരിച്ചു.എന്റെ അടുത്തേക്ക് ചേർന്നിരുന്ന് വിശേഷങ്ങളെല്ലാം ചോദിച്ചു തീർന്നപ്പോൾ ഇനി തന്റെ ഊഴമാണെന്ന് മനസ്സിലാക്കിയ കദീസുമ്മ അവരുടെ വിശേഷങ്ങൾ പറയാൻ തുടങ്ങി.
“കോഴിക്കോട് ജില്ലേലെ പന്നിക്കോടിനടുത്ത്ള്ള ഉച്ചക്കാവിലാ ഞമ്മള് ജനിച്ചത്.അന്നൊക്കെ പെണ്ണ്ങ്ങൾ സ്കൂളി പോയിര്ന്നില്ല്യ.നാട്ട്നടപ്പ് അങ്ങനായതോണ്ട് ഞമ്മക്കതില് വെഷമവും തോന്നില്ല്യ.ബാപ്പ ഓത്ത് പള്ളീൽ ചേർത്തിയതോണ്ട് കൊറേ കാലം ഓത്ത് പ0(ഇ)ക്കാനായി. ഓത്ത് പള്ളി വിട്ട് വന്നാ നേരെ പാടത്തേക്കാ പോക്ക്.അവ്ടത്തെ ചാമകൃഷി നോക്കാനും ബാപ്പാനെ സഹയിക്കനുമാണീ പോക്ക്.അയ്നിടെ കൊറച്ച് അട്ക്കള കാര്യങ്ങളും വശത്താക്കി.പാട്ടില് നല്ല കമ്പള്ളതോണ്ട് കൊറേ പുതുക്കപ്പാട്ട്കളും കെസ്സുപ്പാട്ട്കളും അറിയാം.ത്രയോ മണവാട്ടിക്ക് മാണ്ടി ഞമ്മള്പാട്ട് പാടിട്ട്ണ്ട്.
ഞമ്മക്ക് പയിനാല് വയസ്സ് ള്ള പ്പോളാ കല്ല്യാണം നടന്നത്.കുനിയിൽ ബീരാനിക്കാന്റെ മണവാട്ട്യായി ഞമ്മളിവ്ടെ വന്ന് കേറുമ്പൊ ഇപ്പത്തമാതിരി വല്ല്യ പത്രാസൊന്നും ഇവിടില്ല്യ.ആകെ കൊറച്ച് പെരകൾ മാത്രം.അങ്ങനെ ഒര് ചെറിയ കൂരയില് ജീവിതം തൊടങ്ങി.ന്തെങ്കിലും ജോല്യൊക്കെ എട്ത്ത് തട്ടീം മുട്ടീം ഒക്കെ അങ്ങട്ട് മുന്നോട്ട് പോകും.ഇന്നത്തെമാതി വല്ല്യ ചെലവൊന്നും അന്നില്ല്യല്ലൊ? കഷ്ട്ടപ്പാടും ദുരിതങ്ങളും സന്തോഷൊക്കായി ജീവിതം തള്ളിനീക്ക്ന്നതിനിടേൽ പടച്ചോൻ ഞമ്മക്ക് അഞ്ച് ആൺമക്കളെ തന്ന്.ഇളേ മകന് ഒര് വയസ്സ് ള്ളപ്പൊ ന്റെ ബീരാനിക്ക മരിച്ച്.
വയസ്സ് അമ്പത് കഴിഞ്ഞ് പെരേലിരിക്കുമ്പളാ ഇവ്ടെത്തെ ചെല കോളേജ് കുട്ട്യോള് വന്ന്,ഉമ്മാക്ക് അക്ഷരം പ0(ഇ)ക്കണ്ടെയെന്ന് ചോദിച്ചത്.ഞമ്മള് അപ്പോ തന്നെ അവരോട് പറഞ്ഞു ഞമ്മക്കിനി അതൊന്നും പ0(ഇ)ച്ചണ്ട.വയസ്സിത്രക്കൊക്കെ ആയില്ലെ.ചോറും കറീം ണ്ടാക്കാനും അയ്ന് മാണ്ട പാത്രങ്ങളുടെ പേരും പാട്ട് പാടാനും ഞമ്മക്കറിയാം.ഇങ്ങക്കതൊന്നും അറീലെങ്കിൽ ഞമ്മള് പ0(ഇ)പ്പിച്ച് തരാ.പിഞ്ഞാണം കണ്ടാ ഇങ്ങക്ക് പറയാനറിയൊ?അതോണ്ട് ഇങ്ങള് നേരം കളയാണ്ട് ബെക്കം പൊയ്ക്കോളി.
അങ്ങനൊടുവിൽ 1991ൽ കുനിയിൽ തുടർവിദ്യാകേന്ദ്രത്തിലെ സാക്ഷരതാ ക്ലാസ്സില് ഞമ്മളും ചേർന്നു.ന്റെ വലത്തെ കയ്യ് പിടിച്ച് സ്ലേറ്റിലും പുസ്തകത്തിലും അക്ഷരങ്ങള് എഴ്തിച്ചു.അപ്പം പിന്നെ ഞമ്മക്കും പൂതി കേറി.പിന്നെ അക്ഷര കേരളം പുസ്തകം നിലത്തു ബെക്കാതെ ഞമ്മള് പ0നം തൊടർന്നു.കയ്യീ കിട്ട്ണ ഏത് കടലാസും ഒന്ന് വായിച്ച് നോക്കും.മെല്ലെ-മെല്ലെ ഒര് വിധമൊക്കെ വയ്ക്കാനും എഴ്താനും പറ്റുമെന്നായി.പത്രത്തിലെ ചരമപേജാ കര്യായിട്ട് നോക്കാ.ന്നെ പ0(ഇ)പ്പിച്ചവരിൽ പ്രധാന ടീച്ചർമാര് റോഷ്ന,റംലാബീഗം,ജുമൈല എന്നിവരാണ്.അക്ഷരം അറിഞ്ഞാലുള്ള സുഖം ഞമ്മളിപ്പൊ ശരിക്കും അനുഭവിക്കാ.
“ഉമ്മാന്റെ ഡൽഹി യാത്ര എങ്ങനെയുണ്ടായിരുന്നു”?
ഹജ്ജിന് പോവാൻ പൂതിണ്ടെങ്കിലും ഡൽഹിയിൽ പോവാൻ പറ്റൂന്ന് ഞമ്മളൊരിക്കലും കര്തിയതല്ല.മലപ്പുറം ജില്ലയിലെ 2009 ൽ ഏറ്റവും നല്ല സാക്ഷരതാ പ്രവർത്തനം നട്ത്ത്ന്ന പഞ്ചായത്ത് ഞമ്മളെ കീഴുപ്പറമ്പായതോണ്ട് രാഷ്ട്രപതീനെ കാണാൻ പോകാൻ ഇവ്ടെന്നും ഒരാളെ എട്ക്കാമെന്നായി.അങ്ങനെ ആ ഭാഗ്യം ഞമ്മക്ക് കിട്ടിയപ്പൊ ശരിക്കും സന്തോഷായി.
അങ്ങനെ ഞമ്മളും വയനാട്ടിലെ ഉഷാകേളുവും, ബിന്ദുവും ശ്രീകുമാരി ടീച്ചറുടെ കൂടെ പാലക്കാട്ന്നും ഡൽഹിക്ക് വണ്ടി കയറി.സീറ്റിന്റെ മൂലയിലിരുന്ന് പുറത്തേക്ക് നോക്കിയാ നല്ല രസള്ള കാഴ്ച്ചകൾ കാണാം.കൊറെ കൃഷികളും നാടും……ഞമ്മളെ നാട്ടില് ള്ള വലിയ പെരകളൊന്നും അവിടെല്ല്യ.ഒക്കെ ചെറിയ പെരകള്.അങ്ങനെ നോമ്പ് 28ന് തൊടുങ്ങിയ യാത്രക്കൊടുവിൽ ഞമ്മള് ചെറിയ പെരുന്നാളിന്റെ തലേന്ന് ഡൽഹിയി വണ്ടിയിറങ്ങി.അന്ന് നാഷണൽ ഭവനിൽ തങ്ങി.പലതരത്തിലുള്ള ആഹാരൊക്കെ കഴിക്കുമ്പം ടീച്ചർ പറഞ്ഞു.”നാളെ നമ്മൾ രാഷ്ട്രപതിയെ കാണും”ഓരോടൊന്ന് സംസാരിക്കണം ഒര് പാട്ടൊക്കെ പാടി കൊടുക്കണം എന്നൊക്കെ കര്തി ഞമ്മള് ഒറങ്ങി.
രാവിലെ തന്നെ എല്ലാരും എണീറ്റ് കുളിയും ചായ കുടിയും കഴിഞ്ഞ് റെഡ്യായി.അന്ന് പെര്ന്നളാണ്.ന്റെ പെരേന്ന് വിട്ട് നിന്നുള്ള ആദ്യ പെര്ന്നാൾ.അയിന്റെ നേരിയ സങ്കടണ്ടെങ്കിലും ഞമ്മളെ ഖൽബിൽ ഇതൊക്കെ തന്നെ വല്ല്യ ഒര് പെരുന്നാളായിരുന്നു.സമയമായപ്പൊ ഞങ്ങള് രഷട്രപതിഭവനെന്ന വല്ല്യ കൊട്ടരത്തിന്റെ അകത്ത് കേറി.ഹൊ! അയിന്റെ പത്രാസൊന്നും പറയണ്ട.രാഷ്ട്രപതിയുടെ മുമ്പിലുള്ളസീറ്റിൽ എല്ലാരും ഇര്ന്നു.കൊറച്ച് കഴിഞ്ഞപ്പം അതാ വര്ന്നു ഞമ്മടെ രാഷട്രപതി.പത്രത്തിൽ കണ്ടമാതിരിയൊന്നും അല്ല.അയ്നേക്കാളും മൊഞ്ചുള്ള ഒര് പെണ്ണ്.അവരുടെയൊക്കെ പ്രസംഗം കഴിഞ്ഞപ്പം ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉഷാകേളുവിനാണ് രണ്ട് വാക്ക് സംസാരിക്കാൻ അവസരം കിട്ടിയത്.പിന്നെ രാഷ്ട്രപതിയും ഭർത്താവും ഞങ്ങളും കൂടിയിര്ന്ന് ഫോട്ടൊയെട്ത്തു.പച്ചക്കറികൾ,മീൻ,കോഴി,പലതരത്തിൽ ബിരിയാണികൾ എല്ലാമുണ്ട്.പെര്ന്നൾ ചോറ് തിന്നതിന് ശേഷം ഓരോ പരിപാടികൾ അവതരിപ്പിക്കനുള്ള അവസരമായിരുന്നു.ഞമ്മള് സാക്ഷരതാ ക്ലാസ്സിൽ പ0(ഇ)പ്പിച്ച് തന്ന”വടിയും കുത്തി കുടയും ചൂടി മുടന്തി നടക്കും മുത്തശ്ശി” പാടി.പിന്നെ ഞങ്ങള് ചുറ്റിക്കറങ്ങാൻ പോയി.
“എവിടെയൊക്കെ പോയി ഉമ്മാ”?
കദീസുമ്മ തന്ന യാത്രക്കുറിപ്പ് ഞാൻ വായിച്ചു.
ഇന്ത്യാഗേറ്റ്,നെഹ്റു മ്യൂസിയം നെഹ്റു,ഇന്ദിര,രാജീവ് എന്നിവരുടെ അന്ത്യവിശ്രമ സ്ഥലങ്ങൾ,പൂന്തോട്ടം,ഭോപ്പാൽ,മുഗൾ ഗാർഡൻ,വിജയവാഡ
“ഇനി ഉമ്മാന്റെ ആഗ്രഹമെന്താ“?
ഞമ്മക്കിനിയും പ0(ഇ)ക്കണം.ഏഴാം ക്ലാസ്സും എഴ്തണം.അയ്ന് മാണ്ടി പ0(ഇ)ക്ക്ണ്ണ്ട്.പ0(ഇ)ക്കാതെ മടിച്ചിക്ക്ന്ന ആളോള് ഇനീണ്ടാവും.ഓരൊക്കെ കണ്ട്പിടിച്ച് പ0(ഇ)പ്പിക്കണം.മലപ്പുറത്തെ ഇനിയും ഉഷാറാക്കണം.
കുട്ടിക്കറിയൊ? കദീസുമ്മ എന്തോ ഓർത്തിട്ടെന്നപോലെ പറഞ്ഞു.
എന്താണാവൊയെന്ന ചോദ്യഭാവത്തിൽ ഞാൻ കദീസുമ്മയെ നോക്കി.
പണ്ടൊക്കെ ഇവ്ടെ നെറയെ പാടാമായിരുന്നു.അതൊക്കെ ഇപ്പൊ പോയി.അവ്ടെ(ഏതോരാളുടെ പേരു പറഞ്ഞു)കൊറച്ച് പാടണ്ട്.നെല്ലൊക്കെ കൊയ്യാനായപ്പൊ ഒര് പണിക്കാരേയും കിട്ടാനില്ല്യ.ഞമ്മളൊറ്റക്ക് അതൊക്കെ മെതിച്ച് കൊട്ത്ത്.ഒര് ചാക്ക് നെല്ലും ഓൻ തന്ന്.ആ നെല്ലിന്റെ അര്യോണ്ട ഞമ്മള് ഈ നോമ്പ് മൊഴുവനും ചീരാകഞ്ഞിണ്ടാക്കി കുടിച്ചത്.അരി ഇവ്ടെ ഇനീണ്ട്.
“മുതിർന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആൺകുട്ടികൾക്ക് പോലും ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണിന്ന്.എവിടെ നോക്കിയാലും പീഡനകഥകൾ.ഉമ്മായുടെ കുട്ടിക്കാലത്ത് ഈ ഒരു പേടിയുണ്ടായിരുന്നൊ”?
അങ്ങനൊന്നും അന്ന് കേട്ടിട്ടില്ല്യ.അന്ന് തിന്നാനും ഉടുക്കാനും ഇല്ല്യെങ്കിലും മനസമാധാനണ്ടായിനി.ഒറ്റക്കൊക്കെ മലേലും തോട്ടിലുമൊക്കെ പോവാറുംണ്ട്.അന്ന് എല്ലാർക്കും പരസ്പ്പരം സ്നേഹവും വിശ്വാസവുണ്ടായിനി.ഇന്നതില്ല്യ.വല്ല്യൊരു പെരയുണ്ടാക്കി അയിന്റെ ഉള്ളിൽ ഒതുങ്ങി കൂടാ എല്ലാരും.പണ്ടൊക്കെ ചെറിയ പെരകളാണ്ടായിര്ന്നത്.ന്തെങ്കിലും ആവശ്യണ്ടെങ്കിൽ നീട്ട്യൊന്ന് വിളിച്ചാ അട്ത്തുള്ള പെരക്കാര് കേൾക്കും.ഇന്നങ്ങനെ പറ്റൊ? കൊന്ന്ട്ടാ പോലും മുറ്റത്ത് നിക്ക്ണ ആളു പോലും അറീല.അതാ കാലം.
“ഉമ്മാക്ക് ശാരീരികമായി വല്ല അസ്വസ്ഥതകളുമുണ്ടൊ“?
ഞമ്മള് രണ്ട് വട്ടമെ ആശ്പതീൽ പോയിട്ടുള്ളു.ചെറുപ്പത്തിൽ ഞമ്മളെ പള്ളമലൊരു മൊഴണ്ടാർന്ന്.അതെട്ത്ത് കളയാൻ തിരുവനന്തപ്പുരത്ത് ആസ്പത്രീ പോയി.പിന്നൊരിക്കൽ വയറിളക്കം വന്നപ്പോളും.ഇപ്പളും ഈ പെരേലെ പണി മൊഴുവനും ഞമ്മളെടുക്കും.ന്നാലെ ഞമ്മളെ തൊള്ളേക്കൂടെ എറങ്ങു.
പോരുവാൻ നേരം കദീസുമ്മക്ക് കിട്ടിയ അവാർഡുകളും പൊന്നാടകളും കണിച്ചു തന്നു.അവയെല്ലാം നോക്കി ആ അക്ഷര സ്നേഹിതയുടെ കമന്റ് ഇപ്രകാരമായിരുന്നു.
“പിഞ്ഞാണത്തിന്റേം ഓടിന്റേമാതി ഇങ്ങനെത്തെ കൊറെ സാധനം ഞമ്മക്ക് കിട്ടീണ്.ന്താ അയിനോടുള്ള ഗൊണം.വല്ല പൈസയും ആണെങ്കി അയിനോട് കാര്യണ്ടായിനി.”
അതും പറഞ്ഞ് കദീസുമ്മ മുകളിലെത്തെ വരിയിലെ ഒറ്റപ്പല്ലും കാട്ടി ചിരിച്ചു.കൂടെ ഞങ്ങളും. യാത്ര പറഞ്ഞിറങ്ങാൻ നേരം പാട്ടുകൾ പാടി തരാനും കദീസുമ്മ മറന്നില്ല.
“കറുത്ത പെണ്ണെ കരിങ്കുഴലീ,
നിനക്കൊരുത്തൻ കിഴക്കുദിച്ചു.
മല വെട്ടി വിന വിതച്ചു,
വിന തിന്നാൻ കിളിയിറങ്ങി.
കിളിയെ ആട്ടാൻ പെണ്ണിറങ്ങി.
പെണ്ണിറങ്ങി,വള കിലുങ്ങി.
വള കിലുങ്ങി, കിളി പറന്നു.
കിളി പറന്നു,മല കടന്നു.”
Subscribe to:
Post Comments (Atom)
കദീസുമ്മ താത്താന്റെ വിശേഷങ്ങള്‍ അസ്സലായിട്ടുണ്ട്.......താതാന്റെ കെസ്സുപാട്ട് നേരില്‍ കേള്‍ക്കാന്‍ കൊതിയാവുന്നു.........
ReplyDeleteഎഴുപത്തൊന്നാം വയസ്സിലും അറിവ് തേടിയുള്ള യാത്ര. നന്നായി കദീസുമ്മയുടെ വിശേഷങ്ങള്‍.
ReplyDeleteഈ കദീസു താത്താന്റെ അഭിമുഖം ഒരിക്കല്‍ ടീവിയില്‍ കണ്ടതോര്‍ക്കുന്നു.
ReplyDeleteവിശേഷങ്ങള്‍ വളരെ കൌതുകകരമായി.
ഈ യാത്രയും, വിശേഷങ്ങളും അഭിമുഖവും ഉഷാറായിട്ടോ... ആശംസകള്‍
ReplyDeleteപഠിക്കണം നാം ഓരോന്നും ബാല്യം
ReplyDeleteതൊട്ടു നിരന്തരം.......
പഠിത്തം മതിയാക്കിടാം
പ്രാണന്‍ മേനി വിടുന്ന നാള്‍...
പ്രണാമം...കദീസ ഉമ്മക്ക് ...
നന്ദി ഷബാന.....
ചൈനയില്‍ പോയാലും വിദ്യ അഭ്യസിക്കുക എന്ന പ്രവാചകന്റെ മൊഴി അന്വര്‍ത്ഥമാക്കിയ ഉമ്മ.
ReplyDeleteനല്ല പരിചയപ്പെടുത്തല്‍. കദീശുമ്മയ്ക്കും പരിചയപ്പെടുത്തിയ ഷബ്നയ്ക്കും ആശംസകള്‍
ReplyDeleteകദീസുമ്മയെക്കുറീക് കേട്ടിട്ടുണ്ട്, ടി വി യിൽ കണ്ടിരുന്നു. പഠിപ്പു കൊണ്ട് ഒരു കാര്യവുമില്ലെന്ന് ഘോരഘോരം വാദിയ്ക്കുന്നവർ കദീസുമ്മയെ കണ്ടിരുന്നെങ്കിൽ എന്ന് മോഹമുണ്ട്.
ReplyDeleteഅക്ഷരം പഠിയ്ക്കാനായി നിരാഹാരം കിടക്കുകയും വലതു കൈ തല്ലിയൊടിയ്ക്കുമെന്ന ഭീഷണിയ്ക്ക് മുൻപിൽ പോലും പതറാതിരിയ്ക്കുകയും ചെയ്ത എന്റെ അമ്മീമ്മയെക്കുറിച്ച് ഇതു വായിച്ചപ്പോൾ ഞാൻ കൂടുതൽ ബഹുമാനത്തോടെ ഓർത്തു പോകുന്നു.
നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ.
പരിചയപ്പെടുത്തല്‍ ഇഷ്ടായി..കദീശുമ്മയ്ക്കും ശബ്നയ്ക്കും ആശംസകള്‍.
ReplyDelete>>അന്ന് തിന്നാനും ഉടുക്കാനും ഇല്ല്യെങ്കിലും മനസമാധാനണ്ടായിനി.ഒറ്റക്കൊക്കെ മലേലും തോട്ടിലുമൊക്കെ പോവാറുംണ്ട്.അന്ന് എല്ലാർക്കും പരസ്പ്പരം സ്നേഹവും വിശ്വാസവുണ്ടായിനി.ഇന്നതില്ല്യ.വല്ല്യൊരു പെരയുണ്ടാക്കി അയിന്റെ ഉള്ളിൽ ഒതുങ്ങി കൂടാ എല്ലാരും.പണ്ടൊക്കെ ചെറിയ പെരകളാണ്ടായിര്ന്നത്.ന്തെങ്കിലും ആവശ്യണ്ടെങ്കിൽ നീട്ട്യൊന്ന് വിളിച്ചാ അട്ത്തുള്ള പെരക്കാര് കേൾക്കും.ഇന്നങ്ങനെ പറ്റൊ? കൊന്ന്ട്ടാ പോലും മുറ്റത്ത് നിക്ക്ണ ആളു പോലും അറീല.അതാ കാലം. <<
ReplyDeleteകദീസുമ്മയുടെ വാക്കുകള്‍ ഇന്നിന്റെ നേര്‍ചിത്രം വരച്ചുകാട്ടി...
കദീസുമ്മയെ കണ്ടപോലെ അനുഭവപ്പെട്ടു ഈ അഭിമുഖ പൊസ്റ്റ്.. അവര്‍ക്ക് ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ് നല്‍കട്ടെ എന്ന പ്രാര്‍ഥനയോടെ
ഓടോ
ReplyDelete2 ദിവസം മുന്നെ കമന്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഇന്ന് വിജയിച്ചു. കമന്റ് സെറ്റിംഗ് മാറ്റിയാല്‍ നന്നായിരുന്നു. എന്റെ പുതിയ പോസ്റ്റില്‍ ആ കാര്യം വായിക്കാം
ഓ... ഞങ്ങളുടെ അയാള്‍ നാട്ടുകാരിയെക്കുറിച്ചാണല്ലോ. വായിക്കാന്‍ വൈകി...
ReplyDelete(പിന്നേ ഈ 'പഠിക്കാന്‍' എന്നെഴുതാന്‍ ഇത്ര വിഷമം ഉണ്ടോ?)
അതും ഞാന്‍ തെറ്റിച്ചു.. 'അയല്‍ നാട്ടുകാരി' എന്നാണുദ്ദേശിച്ചത്.
ReplyDeleteഎന്റെ അയല്‍ നാട്ടുകാരിയെ പരിചയപ്പെടുത്തിയതില്‍ സന്തോഷം .........
ReplyDeleteഅടിപൊളിയായിട്ടുണ്ട് കദീസുമ്മ താത്താന്റെ വിശേഷങ്ങള്‍
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
ഒരു വേരിട്ട അനുഭവം . നന്നായി
ReplyDeleteകദീസുമ്മയല്ലേ താരം!!
ReplyDelete