Monday, September 19, 2011

ചാറ്റൽമഴ


നീണ്ടകഥ 1

എന്നും ഇടവഴിയിലേക്ക് അവൾ കണ്ണും നട്ടിരിക്കും.എന്നെങ്കിലുമൊരിക്കൽ ഒരാൾ അവളെ തേടി വരുമെന്ന പ്രതീക്ഷയോടെ.ഇടവഴിയുടെ ഇരുവശങ്ങളിലും പരന്നു കിടക്കുന്ന തൊട്ടാവാടിച്ചെടിക്കും കോളാമ്പിപ്പൂവിനും ആ രഹസ്യം അറിയാമെന്ന് തോന്നുന്നു.ഒരിക്കൽ തൊട്ടാവാടിയുടെ ഇലകളിൽ തലോടി ആ രഹസ്യം സൂചിപ്പിച്ചപ്പോൾ അതവളോട് പിണങ്ങിയതുമാണ്.അവൾ നട്ടു നനച്ചു വളർത്തുന്ന മുല്ലയ്ക്കും റോസാച്ചെടിക്കും അതറിയാം.എന്നിട്ടും ആരും അവളെ മനസ്സിലാക്കുന്നില്ലെന്നൊരു തോന്നൽ.
രാവിലെ കുളിച്ച് നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് മുടിയിഴകളിൽ തുളസിയിലയും തിരുകി കണ്ണാടിയുടെ മുമ്പിലേക്ക് പതുക്കെ നടന്നു വരുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷമാണ്.കണ്ണാടിയിൽ തന്റെ രൂപം പ്രതിഫലിക്കുമ്പോൾ മുഖത്ത് കരിനിഴൽ പടരുന്നതും അവൾക്ക് കാണാം.ഉണ്ടക്കണ്ണും ഉന്തിയപല്ലുകളും ഒട്ടിയ കവിളും തടിച്ച ചുണ്ടും വലിപ്പത്തേക്കാൾ നീണ്ട മൂക്കും കറുത്തു മെലിഞ്ഞ ശരീരവും കാണുമ്പോൾ പ്രതീക്ഷകളെവിടെയോ പോയി ഒളിക്കും.
വടിയും കുത്തി കുഞ്ഞുങ്ങളെ പോലെ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് അടുത്തു വന്നു നിൽക്കുന്ന അമ്മൂമ്മയെ കാണുമ്പോൾ അവൾക്ക് ചിരിക്കാനും കരയാനും തോന്നും.പ്രത്യേകിച്ച് അമ്മൂമ്മയുടെ രൂപം കണ്ണാടിയിൽ കാണുമ്പോൾ.എന്താണെന്നൊ?അമ്മൂമ്മ ബ്ലൌസ് ധരിക്കാറില്ല.അവൾ തന്നെ അമ്മൂമ്മക്കു വേണ്ടി മൂന്നാല് ബ്ലൌസ് തയ്ച്ചു വെച്ചിട്ടുണ്ട്.എത്ര നിർബന്ധിച്ചാലും അമ്മൂമ്മ അത് ധരിക്കില്ല.
“പണ്ടൊന്നത് കിട്ടാന്ള്ള വഴില്ല്യ.പിന്നതൊര് ശീലായി.ഇനി നീയായിട്ടത് മാറ്റണ്ട കുട്ട്യേ…”
ഇതാണ് അമ്മൂമ്മയുടെ മറുവടി.
“ന്റെ കുട്ടീനെ തേടിയൊരു രാസകുമാരൻ വരും” കണ്ണാടിയിലുള്ള അവളെ നോക്കി അമ്മൂമ്മ പറയും.
അതു പറയുമ്പോൾ അമ്മൂമ്മയുടെ കണ്ണിലെ വെളിച്ചം കെടുന്നത് അവൾ ശ്രദ്ധിക്കാറുണ്ട്.ആ വാക്ക് വെറും വാക്കാണെന്ന് അമ്മൂമ്മക്ക് തന്നെ അറിയുമായിരിക്കാം.മുപ്പതു കഴിഞ്ഞ വിരൂപയായ അവളെ തേടി ഒരു രാജകുമാരൻ പോയിട്ട് ഒരു വിരൂപൻ പോലും വരില്ലെന്ന് അവൾക്കറിയാം.
എവിടെയെങ്കിലും പോവുമ്പോഴും ബസ്സു കാത്തു നിൽക്കുമ്പോഴും അപകർഷതാബോധം അവളെ വട്ടം ചുറ്റും.കുഞ്ഞുമായി ഒരമ്മ അരികെ നിൽക്കുമ്പോൾ അവളിലെ മാതൃത്വം അവളറിയാതെ ഉണർന്നു പോവും.ആ കുഞ്ഞിനെ തൊടുവാനായി തലോടാനായി കൈ അറിയാതെ നീളും.കുഞ്ഞിന്റെ അമ്മക്കത് ഇഷ്ട്ടമായില്ലെങ്കിലൊ എന്നോർത്ത് കൈ പിൻവലിക്കും.തനിക്കൊരു കുഞ്ഞുണ്ടായാൽ ആരേയും പേടിക്കണ്ട.അതിനെ പാലൂട്ടാം. അമ്പിളിമാമനെ കാണിച്ച് കുഞ്ഞുവായിലേക്ക് മാമു വാരി കൊടുക്കാം.മാറോട് ചേർത്ത് താരാട്ടു പാടിയുറക്കാം.ആനയും പാപ്പാനുമായി കളിക്കാം.ഭർത്താവിന്റെ കൂടെ കുഞ്ഞിനേയുമെടുത്ത് കടൽക്കര ലക്ഷ്യമാക്കി നീങ്ങാം.അങ്ങനെയെത്ര സ്വപ്നങ്ങൾ.
ഒരിക്കൽ റോഡിലൂടെ നടന്നു പോവുന്ന അവളെ നോക്കി ഒരു പയ്യൻ വിളിച്ചു പറഞ്ഞു.
“എടാ അതാ ദീനാമ്മ പോവുന്നു”.
തിരിഞ്ഞു നോക്കിയപ്പോൾ ഒന്നുമറിയാത്ത പോലെ പയ്യന്മാർ മൂളിപ്പാട്ടും പാടി താഴേക്ക് നോക്കി നിന്നു.മുന്നോട്ട് നീങ്ങിയപ്പോൾ വീണ്ടും ആ വിളി.“ദീനാമ്മ….”
അവൾക്കറിയാം ദീനാമ്മയെ.പണ്ടെങ്ങൊ മലയാളപ്പാ0പുസ്തകത്തിൽ വായിച്ച കഥയിലെ നായിക.വിരൂപയായിരുന്ന അവൾക്കുമുണ്ടായിരുന്നു ഒരുപാട് ആഗ്രഹങ്ങൾ.ഇന്നിപ്പോൾ അവളും മറ്റൊരു ദീനാമ്മയാണ്.ആളുകളുടെ കളിയാക്കലുകൾ കേൾക്കാൻ ഇനിയെങ്ങോട്ടുമില്ല.അവൾ മനസ്സിലുറപ്പിച്ചു.കിടന്നും വായിച്ചും ചെടികളെ പരിപാലിച്ചും അവൾ സമയത്തെ കൊന്ന് ദിവസത്തെ കവർന്നെടുത്തു.
തുടരും……………….

17 comments:

 1. nallath.... Baakkikkaayi kaathirikunnu....

  ReplyDelete
 2. ആദ്യഭാഗം നന്നായി ,,അവളെ ഒരു പേരിട്ടു പരിചയപ്പെടുത്താമായിരുന്നു .
  ഞാനിവളെ ഗിരിജ എന്ന് വിളിച്ചോട്ടെ ,കാരണം എനിക്കിത് പോലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. സ്വപ്‌നങ്ങള്‍ കണ്ടു കണ്ടു ഉണരാത്ത ഉറക്കത്തില്‍ ആണ്ടുപോയ ഒരാള്‍ :(
  അടുത്തഭാഗം വരട്ടെ ..:)

  ReplyDelete
 3. ‍ @രമേശ് അരൂർ: അവളെ പേരു വിളിക്കുന്ന ഭാഗം വരുന്നുണ്ട്.

  ReplyDelete
 4. അടുത്ത ഭാഗം ഞാൻ എന്നു കൊടുക്കണമെന്ന് എന്റെ പ്രിയ സുഹൃത്തുക്കൾ തന്നെ പറയാമൊ? നിങ്ങളുടെ സമയത്തെ കണക്കിലെടുത്താണ് ഞാൻ കഥ കുറച്ചു നൽകിയത്.വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  ReplyDelete
 5. വായിചു..ആദ്യ ഭാഗം ഇഷ്ടായി...

  ReplyDelete
 6. തുടക്കം നന്നായി .അടുത്ത ഭാഗം സൗകര്യം പോലെ
  ആയിക്കോട്ടെ..വായന ‍ സമയം പോലെ മതിയല്ലോ.

  എന്നാലും ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ ആവാത്തത് ആണ്‌ ഭംഗി....

  ReplyDelete
 7. ....ദീനാമ്മയെ പോലുള്ള കഥാപാത്രങ്ങള്‍ക്ക് 'പറയിപ്പിക്കാതെ തന്നെ പലതും പറയാനുണ്ട്.....അവര്‍ സംസാരിക്കട്ടെ...........ബാക്കി ഭാഗം പോസ്റ്റുമ്പോള്‍ അറിയിക്കുമല്ലോ

  ReplyDelete
 8. വായിക്കാന്‍ താല്പര്യം ജനിപ്പിക്കുന്ന ആദ്യഭാഗം നന്നായി..
  തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഇടുമ്പോള്‍ ഉടനെ വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഞാന്‍ പോയി വന്നിട്ട് ഒന്നിച്ച് വായിക്കുന്നതാണ്‌ കേട്ടൊ..

  ReplyDelete
 9. "Well begin is half done" എന്ന്‌ തോന്നി പോയി തുടക്കം വായിച്ചപ്പോള്‍ തന്നെ.
  വളരെ നന്നായി തുടക്കം തന്നെ. വീണ്ടും വായിക്കാന്‍ ആകാംക്ഷ നല്‍കുന്ന രചന.
  ദീനാമ്മക്ക് എല്ലാ ആശംസകളും നേരുന്നു..
  ഒരപേക്ഷ, അടുത്ത ലക്കം പോസ്റ്റ്‌ ചെയ്യുമ്പോള്‍ അറിയിക്കുക.
  എല്ലാ ഭാവുകങ്ങളും നേരുന്നു..സസ്നേഹം..

  www.ettavattam.blogspot.com

  ReplyDelete
 10. othiri nannayittundu.......... bhavukangal...........

  ReplyDelete
 11. കഥ നന്നായി.... ഒഴുക്കോടു കൂടി വായിച്ചു... ബാക്കി കൂടി വായിച്ചു ബക്കി പറയാം

  എല്ലാ ആശംസകളും/

  ReplyDelete
 12. വളരെ നന്നായിരിക്കുന്നു. നല്ല ഒഴുക്ക്.
  തന്മയത്വമാര്‍ന്ന അവതരണവും.

  ReplyDelete
 13. വായിച്ചു തുടങ്ങിയപ്പഴേ 'ദീനാമ്മ' യാണ് മനസ്സിലേക്ക് വന്നത്. കഥയില്‍ത്തന്നെ 'ദീനാമ്മ' യെ പരാമര്‍ശിച്ചപ്പോള്‍ സംശയം തീര്‍ന്നു. നന്നായിട്ടുണ്ട്. ബാക്കിക്കായി കാത്തിരിക്കുന്നു.

  ReplyDelete
 14. നല്ല രചന....തുടരൂ

  ReplyDelete
 15. ചാറ്റൽമഴയുടെ ആദ്യ ഭാഗം വായിച്ച് അഭിപ്രായം പറഞ്ഞ എന്റെ സുഹൃത്തുക്കൾക്ക് ഒരായിരം നന്ദി.

  ReplyDelete