Sunday, September 11, 2011

ഒരിക്കലും മറക്കാനാവാത്ത എന്റെ തിരുവോണം

എന്റെ മനസ്സിൽ കുട്ടിക്കാലം മുതലുള്ള ഒരു വലിയ സ്വപ്നമാണ് ഈ തിരുവോണനാളിൽ നിറവേറിയത്.അതിന്റെ സന്തോഷം എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല.ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തെരുവ് നായകളോടും കാക്കകളോടും പൊരുതി ഉച്ച്ഛിഷ്ട്ടങ്ങൾ ആർത്തിയോടെ വാരി വലിച്ച് കഴിക്കുന്ന തെരുവ് സന്തതികളെ ഞാൻ എന്റെ യാത്രകളിൽ കണ്ടിട്ടുണ്ട്. വയറിൽ തട്ടി ഭിക്ഷ യാചിക്കുന്ന അനാഥ ബാലികാബാലകന്മാർ, ശരീരത്തിൽ മാറാവ്യാധികളുമായി തെണ്ടി നടക്കുന്നവർ,മാനസ്സികനില തെറ്റിയവർ ഇവരുടെയൊക്കെ ദയനീയവസ്ഥകൾ എന്റെ മനസ്സിലെ ഒരിക്കലും മായാത്ത മുറിവുകളാണ്. അവരുടെ സ്ഥാനത്ത് ഒരു നിമിഷം ഞാൻ എന്നെ തന്നെ ചിന്തിച്ചു പോവാറുണ്ട്.
അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാനൊ അവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനൊ അവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകാനൊ അധികമാരും മുന്നോട്ട് വരാറില്ല.അത്തരത്തിലെല്ലാം തെരുവിന്റെ മക്കളെ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ സ്വപ്നം നിറവേറിയതു പോലെ ആ സ്വപ്നവും എന്നെങ്കിലും നിറവേറുമെന്ന പ്രതീക്ഷയുണ്ട്.
മലപ്പുറം കുന്നുമ്മലിൽ നിന്നുമാണ് ഷബ്നാസ് ചാരിറ്റബ്ൾ & എജ്യുക്കേഷൻ ട്രസ്റ്റിന്റെ “ഒരു നേരത്തെ ഭക്ഷണം” എന്ന പരിപാടി ഞാൻ ആരംഭിച്ചത്.നഗരസഭാ ഉപാധ്യക്ഷ കെ.എം ഗിരിജയാണ് ചടങ്ങിന് തുടക്കം കുറിച്ചത്
മഞ്ചേരി,മൊറയൂർ,മോങ്ങം,വള്ളുവമ്പ്രം,കൊണ്ടോട്ടി ഇവിടെയെല്ലാം ഭക്ഷണപൊതിയുമായി ഞങ്ങൾ സഞ്ചരിച്ചു. ഞങ്ങൾ ഭക്ഷണവുമായി ചെല്ലുമ്പോൾ ചിലരുടെ മുഖത്ത് ഒരുതരം പേടിയായിരുന്നു.ഞങ്ങൾ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് ഭക്ഷണം അവരുടെ കൈകളിലേക്ക് നൽകിയപ്പോൾ ചിലർ കരയുന്നുണ്ടായിരുന്നു.
ഞങ്ങൾ ചെയ്തത് ചെറിയ കാര്യമാണെങ്കിലും ഇപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത അത്രയും സന്തോഷവും സമാധാനവും തോന്നുന്നു.ദിവസവും വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് തന്റെ സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി കഴിയുന്നവർക്ക് ഇത്തരക്കാരെ ഇതിലും നന്നായി സഹായിക്കാനും സന്തോഷിപ്പിക്കാനും സാധിക്കും.ശാരീരികമായി തളർന്ന എനിക്ക് ഇതിനൊക്കെ നേതൃത്വം നൽകാൻ സാധിക്കുമെങ്കിൽ എല്ലാം തികഞ്ഞവർക്കും സാധിക്കണം….
എന്റെ ബ്ലോഗ് സുഹൃത്തുകളുടെ പ്രോത്സാഹനവും പ്രാർത്ഥനയും എനിക്കും എന്റെ കുടുംബത്തിനുമൊപ്പമുണ്ടാവണം.
എന്റെ പ്രിയ സുഹൃത്തുകൾക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…. (അല്പ്ം വൈകി പോയെങ്കിലും സ്വീകരിക്കണം കേട്ടൊ…..)













13 comments:

  1. വിശക്കുന്നവനു ഒരു നേരത്തെ ആഹാരം കൊടുക്കുന്നത് മഹത്തായ കര്‍മ്മമാണ്‌..

    ഓണം ഇങ്ങനെ ആഘോഷിച്ചത് അഭിനന്ദനാര്‍ഹമാണ്..

    നല്ല മനസ്സുള്ളവര്‍ക്ക് നല്ല ഓണം..

    ഓണാശംസകള്‍..

    ReplyDelete
  2. നന്മയുടെ കനീകകള്‍ വറ്റാതിരിക്കട്ടെ..
    ആശംസകള്‍...

    ReplyDelete
  3. ഏറ്റവും വലിയ വേദന വിശപ്പിന്റെ വേദനയാണ്
    ആ വേദന പരിഹരിക്കുന്നത് തന്നെ ഏറ്റവും പുണ്യം.
    ഇത്തരം ഉദ്യമങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമായെന്കില്‍ അതിന്റെ പ്രതിഫലം കൂടി നിങ്ങള്‍ക്കുണ്ടാവും..
    ഇതിന്റെ അണിയറ ശില്പികള്‍ക്ക് അഭിവാദ്യങ്ങള്‍...

    ReplyDelete
  4. ഉദാത്തമായ ഈ കര്‍മ്മത്തിനു അഭിനന്ദനങ്ങള്‍

    ReplyDelete
  5. നല്ല മനസ്സിനും നല്ല കാര്യങ്ങൾക്കും അഭിനന്ദനങ്ങൾ..പിന്തുണയും.

    ReplyDelete
  6. വെറും ഒരു ആശംസ കൊണ്ട് നന്നായി എന്ന് പറഞ്ഞു പോവേണ്ട ഒരു കാര്യമല്ലല്ലോ ശബ്നയും കൂട്ടരും ചെയ്തത്.
    എന്നാലും പറയുന്നു . മാതൃകാപരമായ പ്രവര്‍ത്തനം.
    ട്രെസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടക്കട്ടെ.
    ആശംസകള്‍

    ReplyDelete
  7. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ മാത്രമല്ല ആവശ്യം ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹകരിക്കാനും സഹായിക്കാനുമുള്ള നല്ല മനസ്സും കൂടി ഏവര്‍ക്കും ഉണ്ടായെങ്കില്‍ എന്നാശിച്ചുപോകുന്നു.

    ReplyDelete
  8. നല്ല പ്രവര്‍ത്തനങ്ങള്‍.... അഭിനന്ദനങ്ങള്‍.

    ReplyDelete
  9. എന്തിനാലും വഴങ്ങാതിരുന്ന മനുഷ്യന്‍ വിശപ്പിനാല്‍ അനുസരിക്കപ്പെട്ടു.
    വിശപ്പിന്റെ കാഠിന്യത്തെ പറ്റി സൂചിപ്പിക്കുകയാണ് ഞാന്‍ .
    ആ വിശപ്പ് മാറ്റാന്‍ ഉതകുന്ന ഏത് പ്രവര്‍ത്തിയും ആദരിക്കപ്പെടും തീര്‍ച്ച.

    എല്ലാ നന്മയും നേരുന്നു.

    ReplyDelete
  10. പത്രത്തില്‍ വായിച്ചറിഞ്ഞിരുന്നു.
    മഹത്തായ പുണ്യകര്‍മംതന്നെ ഇത്.
    എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.

    ReplyDelete
  11. പുണ്യകരവും മാതൃകാപരവുമായൊരു കര്‍മം ,
    ഒരു നേരത്തെ വിശപ്പടക്കാന്‍ മനുഷ്യമക്കള്‍ പാറ്റു പെടുന്ന ഇക്കാലത്ത് ഇത്തരമൊരു കര്‍മത്തിന്‍ ത്യ്യാറായ് പ്രിയ സഹോദരീ,
    ദൈവാനുഗ്രഹങ്ങള്‍ വര്‍ഷിക്കട്ടെ..

    ReplyDelete
  12. എല്ലാവരുടെയും ആശംസകൾക്കും പ്രാർത്ഥനകൾക്കും ഒരായിരം നന്ദി.

    ReplyDelete
  13. ഇതുപോലെയുള്ള ഉദ്യമം ഇനിയുമുദാകട്ടെ,അതിനു ദൈവം അനിഗ്രഹിക്കട്ടെ
    ഭാവുകങ്ങൾ

    ReplyDelete