Wednesday, June 1, 2011

പുതുമഴയും ബാല്യകാലവും….പുതുമഴയുടെ കൊഞ്ചലു കേട്ടു കൊണ്ടാണ് ഞാൻ ഉണർന്നത്. ജാലകവിരികൾക്കിടയിലൂടെ പതുങ്ങി വന്ന തണുത്തകാറ്റ് എന്റെ കവിളിൽ ചുംബിച്ച് തലോടി.
മഴ പെയ്യുമ്പോൾ എല്ലാവരും ഒന്നുകൂടി മൂടി പുതച്ച് ഉറങ്ങുകയാണ് പതിവ്. പക്ഷെ, എനിക്ക് ഉറങ്ങാൻ തോന്നിയില്ല. വന്നിരിക്കുന്നത് എന്റെ പ്രിയ കൂട്ടുകാരിയാണ്.
അവൾക്കെന്നോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.എനിക്കും…
കുളിച്ച്,ചായ കുടിച്ചെന്നു വരുത്തി വീൽചെയറിൽ ജനലിന്റെ അരികിലേക്ക് വേഗത്തിൽ ഓടി.അഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി.

പുതുമഴ തിമിർത്തു പെയ്യുകയാണ്.ഇടയ്ക്ക് വലിയ നൂലിഴകളായും ചെറിയ നൂലിഴകളായും മഴത്തുള്ളികൾ ജനനിയുടെ മാറിൽ തലചായ്ക്കുന്നു.നാണം കുണുങ്ങി നിൽക്കുന്ന റോസാപ്പൂവും, മുല്ലയും, ലില്ലിയും.കിഴക്കൻക്കാറ്റിനോട് കിന്നാരം പറയുന്ന മരച്ചില്ലകൾ.മഴയുടെ സ്വരരാഗലയത്തിലും ബാത്ത്റൂമിൽ നിന്നും മർവ(അനിയത്തി)യുടെ “ഓണവില്ലിൻ തമ്പുരു മീട്ടും വീടാണീ വീട്...”കേൾക്കാം. അവളും മഴയും തമ്മിൽ മത്സരിച്ച് പാടുകയാണെന്ന് തോന്നും.

മഴ അൽപ്പമൊന്ന് ശമിച്ചു.എങ്കിലും ചെറുതായി ചാറുന്നുണ്ട്. പുതിയ യൂണീഫോമുമിട്ട് ബാഗും തൂക്കി കുട ചൂടി റോഡരികിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ച് കുട്ടികൾ നീങ്ങുന്നു. അവധികാലം തീർന്നതിന്റെ സങ്കടമില്ലാതെ പരസ്പരം നുള്ളിയും കളിയാക്കിയും ചിരിച്ചും അവരങ്ങനെ നടന്നു പോവുന്നത് കാണാൻ എന്തു രസാ…

കവിളിൽ ഉമ്മ തന്ന് ഉപ്പന്റെ കൂടെ റൈൻകോട്ടുമിട്ട് ബൈക്കിൽ സ്കൂളിലേക്ക് മർവ യാത്രയാവുമ്പോൾ അറിയാതെ മനസ്സിൽ തെളിഞ്ഞത് എന്റെ ബാല്യകാലമാണ്. എന്നേയുമെടുത്ത് ഉപ്പ വാഴക്കട് സി.എച്ച്.മുഹമ്മദ്കോയ മെമ്മോറിയൽ സ്കൂളിന്റെ പടി കയറുമ്പോൾ എനിക്ക് ഒരുതരം അമ്പരപ്പായിരുന്നു.ഞാൻ കാണാത്ത ആളുകൾ കാണാത്ത സ്ഥലം. ഞാൻ ഉപ്പന്റെ കഴുത്തിൽ മുഖം അമർത്തി കിടന്നു.ഒരു സ്ത്രീ എന്നെയെടുക്കാൻ കൈ നീട്ടിയെപ്പോൾ ഞാൻ ഉപ്പയുടെ ദേഹത്തേക്ക് ഒന്നു കൂടി പറ്റിച്ചേർന്നു.ആദ്യത്തെ ക്ലാസ്സിൽ കുറേ കുട്ടികളിരുന്ന് കളിക്കുകയാണ്.അതു കണ്ടപ്പോൾ എനിക്ക് ചെറുതായി സന്തോഷം തോന്നി.അതു മുതലെടുത്ത് ഉപ്പ അവരുടെ അടുത്തു ഒഴിഞ്ഞു കിടക്കുന്ന ചെറിയ കസേരയിൽ എന്നെയിരുത്തി.അവരുടെ കളിയിൽ എന്റെ ശ്രദ്ധ പതിഞ്ഞപ്പോഴും ഞാൻ ഉപ്പന്റെ കൈവിരൽ മുറുകെ പിടിച്ചു തന്നെയിരുന്നു.

ടീച്ചറോട് സംസാരിക്കട്ടെയെന്ന് പറഞ്ഞ് ഉപ്പ ഓഫീസ്റൂമിലേക്ക് പോയപ്പോൾ രണ്ടു കുട്ടികൾ എന്റെ അരികിലേക്ക് വന്നു.
“പേരെന്താ?”
ഞാൻ ഒന്നും പറയാതെ ഉപ്പ വരുന്നുണ്ടോയെന്ന് നോക്കി.
“കുട്ടിന്റെ പേരെന്താ?”
വീണ്ടും ചോദ്യം കേട്ടപ്പോൾ എനിക്ക് സങ്കടവും ദേഷ്യവുമാണ് വന്നത്.
കുട്ടികളുടെ ചോദ്യം കേട്ട് എന്നെയെടുക്കാൻ കൈ നീട്ടിയ ആ സ്ത്രീ അങ്ങോട്ട് വന്നു.
“സഫിയാത്തെ, ഈ കുട്ടിന്റെ പേരെന്താ?” കുട്ടികൾ അവരുടെ കൈയ്യും പിടിച്ച് നിന്നു.
“ഷബ്ന”
ഞാൻ അത്ഭുതത്തോടെ സഫിയാത്തന്റെ മുഖത്തേക്ക് നോക്കി.അവളുടെ കൂടെ കളിച്ചൊയെന്ന് കുട്ടികളോട് പറഞ്ഞ് സഫിയാത്ത പോയി.അങ്ങനെ മുഹ്സിനയും അമ്പിളിയും എന്റെ സ്കൂൾ ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരായി.

കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത ക്ലാസ്സിലുള്ള ഒരു കുട്ടി അവളുടെ ഉമ്മ പോയതിൽ കരച്ചിലോട് കരച്ചിൽ.അതുകേട്ടപ്പോൾ എന്റെ ചുണ്ടുകളും അറിയാതെ വിതുമ്പി.അതു വരെ സ്കൂൾ വരാന്തയിലുള്ള ജനലിലൂടെ എന്നെ നോക്കിയിരുന്ന ഉപ്പനെ കാണാനുമില്ല. പിന്നെ പറയണൊ പൂരം. കണ്ണുനീർ അണപൊട്ടി ഒഴുകി.ഞാൻ ആ കുട്ടിനേക്കാളും ഉച്ചത്തിൽ കരഞ്ഞു.
“ആ കുട്ടി കരയണതിന് എന്തിനാ ഇയ്യ് കരയണെ?”മുഹ്സിന എന്റെ അടുത്തു വന്ന് ചോദിച്ചു.

പിന്നെ ഞാൻ കരഞ്ഞില്ല.അവരുടെ കൂടെ ചോറു തിന്നു.കളിച്ചു. സ്കൂൾ വിട്ടപ്പോൾ സഫിയാത്തയാണ് എന്നെ സ്കൂൾ വാനിൽ കൊണ്ടിരുത്തിയത്. അമ്പിളിയും മുഹ്സിനയും ആ വാനിൽ തന്നെയായിരുന്നു. പൊന്നാട് അങ്ങാടിയിൽ വാനെത്തിയപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി.ഉപ്പ ഓടി വന്ന് എന്നെയെടുത്തു. വീട്ടിലേക്ക് നടക്കുമ്പോൾ ഉപ്പ എല്ലാവരോടും അഭിമാനത്തോടെ പറഞ്ഞു.
“മോളെ സ്കൂളിൽ ചേർത്തി.”
കേട്ടവരുടെ മുഖത്ത് സന്തോഷവും അതിനേക്കളുമേറെ അത്ഭുതവുമായിരുന്നു.വീടിന്റെ കയറ്റം കയറുമ്പോൾ ഞാൻ ഉപ്പയോട് ചോദിച്ചു.
“ന്തിനാ ന്നെ ഒറ്റക്കാക്കിയത്?”
“നാളെ ഒറ്റക്കാക്കൂല”
“നാളെ ഉപ്പ വരോ?
വരണ്ട.മുഹ്സിനയും അമ്പിളിയുണ്ടാവും”
സ്കൂളിലെ വിശേഷങ്ങൾ പറഞ്ഞ്
മണ്ണിട്ട മുറ്റത്തെത്തിയപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി. അകത്തെന്തോ പണിയിലായിരുന്ന ഉമ്മ കുടയുമെടുത്ത് ഓടി വന്നു.

മഴ തകർത്തു പെയ്യുകയാണ്.ഓർമ്മകളെയെല്ലാം തട്ടിമാറ്റി മഴവെള്ളം എങ്ങോട്ടൊ ഒലിച്ചു പോവുന്നു.പെയ്തു തീരാൻ ഒരു കാർമേഘമായി സ്മരണകളുണ്ടാവുമ്പോൾ മഴയും തോരുന്നില്ല.

29 comments:

 1. പൊയ്പോയ കുട്ടിക്കാലം കൂട്ടിക്കൊണ്ട് വന്നു :)

  ReplyDelete
 2. ഓര്‍മ്മകളുടെ കടലിലേക്ക്‌ ഒഴുക്കിവിട്ടല്ലോ താത്താ!
  ചെറിയ പോസ്റ്റില്‍ വലിയ കാര്യം തന്നെ ഇത്. ആശംസകള്‍

  ***

  ReplyDelete
 3. ഈ ഓര്‍മക്കയത്തില്‍ ഞാനും ഒന്ന് മുങ്ങി നിവര്‍ന്നു. നന്നായി .......സസ്നേഹം

  ReplyDelete
 4. ഓരോ മഴയിലും വീണ്ടും വീണ്ടും ഓര്‍ത്തു പോകുന്നു ഓരോ ബാല്യം ......നന്നായി

  ReplyDelete
 5. തിരിച്ചു വരാത്ത കാലം ... സുന്ദരമായ ഓർമ്മകൾ...

  ആശംസകൾ...........

  ReplyDelete
 6. മഴയും ബാല്യവും കൈകോര്‍ത്തു പോകുന്ന അനുഭവം. കുട്ടിക്കാലത്ത് വേലക്കാരം കൊണ്ടു വന്ന കുട വാങ്ങാതെ മഴകൊണ്ട് വീട്ടിലേക്കോടി പനി പിടിച്ചത് ഓര്‍മ്മ വന്നു.

  ReplyDelete
 7. കുട്ടിക്കാലം ഓര്‍മ്മപ്പെടുത്തിയ പോസ്റ്റ്‌ ..
  ആശംസകള്‍ ....

  ReplyDelete
 8. ഓരോ ഓര്‍മയും ഓരോ ബാല്യങ്ങള്‍
  തന്നെ ....

  ReplyDelete
 9. നോസ്റ്റാൾജ്യാ..
  നല്ല പോസ്റ്റ്
  ആശംസകൾ

  ReplyDelete
 10. എന്റെ ആദ്യസ്കൂള്‍ ദിവസമൊന്നും മുങ്ങിത്തപ്പിയിട്ടും ഓര്‍മ്മയില്ല. ഇത് നല്ല സ്മരണകള്‍ തന്നെ.

  ReplyDelete
 11. ഓര്‍മകളുടെ നനുത്ത പൂ മഴക്കാലം ..............
  നന്നായി എഴുതി ആശംസകള്‍...........

  ReplyDelete
 12. ഈ മഴയും,സ്കൂള്‍ തുറക്കലും ഒക്കെ ഒത്തുവന്ന നേരത്തിട്ട ഈ പോസ്റ്റ്‌ ഹൃദ്യം.
  ഒരു നിമിഷം..മനസ്സ് വര്‍ഷങ്ങള്‍ പിറകിലേക്ക് പറന്നു പോയ്‌..

  ReplyDelete
 13. മഴ പെയ്യുന്നു എന്ന് പറഞ്ഞാല്‍ തന്നെ ഓര്‍മ്മകളുടെ പെരുമഴ ആണ്.
  ഞാനും എഴുതി വെച്ചിട്ടുണ്ട് ഒരു മഴ ഓര്‍മ്മകള്‍.
  ജാലകപുറത്തെ മഴയും ജാലകം കടന്നെത്തുന്ന കാറ്റിനൊപ്പം കയറി വന്ന ഓര്‍മ്മകളും.
  വളരെ നല്ലൊരു ഓര്‍മ്മകുറിപ്പായി ശബ്ന.
  അഭിനന്ദനങ്ങള്‍

  ReplyDelete
 14. <>

  നല്ല പോസ്റ്റ്‌ കേട്ടോ. കഴിഞ്ഞ മഴ കാണാന്‍ ഞങ്ങള്‍ -ഞാനും പപ്പയും ഉമ്മയും നാട്ടിലേക്ക് വന്നിരുന്നു. തിരിച്ചു വന്നു ഒരു പോസ്റ്റും ഇട്ടു കേട്ടോ. മഴ ആര്‍ക്കാ ഇഷ്ട്ടമില്ലാത്തത്.

  ReplyDelete
 15. ക്ലാസ്സിൽ എന്റെ അടുത്തെ ഇരിയ്ക്കൂ എന്ന് വാശി പിടിച്ച് തല തല്ലിക്കരഞ്ഞ ഒരു കൂടുകാരനുണ്ടായിരുന്നു, പിന്നെ ഈ മഴയും...എന്റെ ഒന്നാംക്ലാസ്..

  പോസ്റ്റ് സുന്ദരം. അഭിനന്ദനങ്ങൾ.

  ReplyDelete
 16. സുഹുര്‍ത്തെ, മനസ്സിന്റെ ഇന്നലെകളിലേക്ക് മഴയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പെരുമഴയായി പെയ്തു നിറയാന്‍ നിന്റെ പോസ്റ്റ്‌ അവസരമൊരുക്കി.
  ഇപ്പോള്‍ ഓര്‍മകളില്‍ തെളിയുന്നത് വര്‍ണ പീലികളുടെ നക്ച്ചത്ത്ര തിളക്കം..
  അടിപൊളിയായിട്ടുണ്ട് കേട്ടോ..! ആശംസകള്‍...!

  ReplyDelete
 17. എല്ലാ ആശംസകളും

  ReplyDelete
 18. ഇത് വായിച്ചപ്പോള്‍,
  കുട്ടിക്കാലത്തെ കുറിച്ച് എപ്പെഴോ സ്കൂളില്‍ പഠിച്ച ഒരു ഹിന്ദി പദ്ദ്യം ഓര്‍മ്മവന്നു
  गया ले गयातु जीवन की,
  सबसे मस्त ख़ुशी मेरी
  പോയി, കൊണ്ട് പോയി നീ എന്‍റെ ജീവനില്‍ നിന്നും.
  ഏറ്റവും സന്തോഷകരമായിട്ടുള്ള ആ കാലഘട്ടത്തെ.

  ReplyDelete
 19. ഓര്‍മകള്‍ക്ക് പുതുമഴയുടെ ഗന്ധമാണ്. നാം കേരളീയര്‍ക്ക് എത്ര പറഞ്ഞാലും അതിവരാത്ത ഒന്നാണ് മഴക്കാലം. അത് എപ്പോഴും ഓര്‍മകളുടെ ചെപ്പില്‍ നിന്ന് ഒരായിരം കുട്ടികാലത്തെ ഓര്‍മ്മകള്‍ വാരി വിതറും. നല്ല ബ്ലോഗ്‌..നല്ല അവതരണം..ആശംസകള്‍ നേരുന്നു.

  www.ettavattam.blogspot.com

  ReplyDelete
 20. നന്നായിീഴുതി, ഇത്തിരിയെങ്കിലും
  ആശംസകള്‍

  ReplyDelete
 21. മധുരമുള്ള ഓര്‍മ്മകള്‍, നല്ല എഴുത്ത്‌.
  ആശംസകള്‍.

  ReplyDelete
 22. നല്ല പോസ്റ്റ്‌. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു... താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ ഇന്ന് തന്നെ എന്റെ ബ്ലോഗ്‌ വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ്‌ "വഴിയോര കാഴ്ചകള്‍ www.newhopekerala.blogspot.com സസ്നേഹം ... ആഷിക്

  ReplyDelete
 23. @ആഷിക്ക്...തീർച്ചയായും വായിക്കാം.

  എന്റെയീ ചെറിയ പോസ്റ്റിന് അഭിപ്രായങ്ങൾ എഴുതിയ എന്റെ ബ്ലോഗ് സുഹൃത്തുകൾക്ക് ഒരുപാട് നന്ദി.

  ReplyDelete
 24. ഭംഗിയായി അവതരിപ്പിച്ചു ബാല്യകാല ഓര്‍മ്മകള്‍.
  വായിക്കുന്ന എല്ലാവരും നടത്തുന്നത് പോലെ ഞാനും പഴയ കാലത്തിലേക്ക് ഓര്‍മ്മകളിലേക്ക് ഊളിയിട്ടു.

  ReplyDelete
 25. പെയ്തു തീരാൻ ഒരു കാർമേഘമായി സ്മരണകളുണ്ടാവുമ്പോൾ മഴയും തോരുന്നില്ല

  ReplyDelete
 26. nallezhutthukal....njaan ippozhum balyakalam thirayunnavarude koottatthilundu.

  ReplyDelete
 27. http://punnakaadan.blogspot.com/2011/06/blog-post.html

  ReplyDelete
 28. നല്ല ഓർമ്മകൾ..പക്ഷെ പോസ്റ്റ് വായിച്ചപ്പോൾ എനിക്കെന്തൊ ഒരു നേരിയ സങ്കടം വന്നത് പോലെ..എന്താണെന്നറിയില്ല...നല്ല പോസ്റ്റ്...

  ReplyDelete