Thursday, October 14, 2010

ആ രാവ് പുലരാതിരുന്നുവെങ്കിൽ

സ്വപ്നമൊ സ്വർഗ്ഗമൊയിത്.കണ്ണുകൾക്ക് അവിശ്വസനീയമായ കാഴ്ച്ചകളാണ് മുമ്പിൽ.മരങ്ങളെ തൊട്ടുരുമി ഒഴുകുന്ന പാൽ‌പുഴ.അതിൽ നിന്നും പാൽ മോന്തി കുടിക്കുന്ന പൈക്കിടാങ്ങളും മാൻപേടകളും.പൂത്തുലഞ്ഞ് കായ്ക്ക്നികളുമായി നിൽക്കുന്ന വൃക്ഷലതാദികൾ.വൃക്ഷങ്ങളിൽ ഓടിച്ചാടി കളിക്കുന്ന അണ്ണാനും കുരങ്ങനും.താഴെ അവരിട്ടു കൊടുക്കുന്ന പഴങ്ങൾ പെറുക്കിയെടുക്കുന്ന മുയലുകൾ.കാക്കക്കൂട്ടിൽ ആരും കാണാതെ മുട്ടയിട്ടു പോകുന്ന കുയിലമ്മ.ഒന്നും അറിയാതെ പ്രതീക്ഷയുടെ നോവുമായി അടയിരിക്കുന്ന കാക്കമ്മ.കണ്ണിമ ചിമ്മാതെ എല്ലാം മനസ്സിൽ പകർത്തി ഞാൻ അവിടെ നിന്നും നടന്നു.

നടപ്പാതയുടെ ഇരുവശങ്ങളിലുമുളള ഇളംപുൽകൊടികൾ വെയിലേറ്റ് പാതിമയക്കത്തിലാണ്.ഭാവിയിൽ തളിരിട്ടേക്കാവുന്ന സ്വപ്നങ്ങളാവുമൊ അവ കാണുന്നത്.അടുത്തുളള കുറ്റിക്കാടുകളുടെ കാതിൽ കിന്നാരമോതുന്ന കിഴക്കൻക്കാറ്റ്.ദളങ്ങൾ ഇളക്കി മറുപടിയോതുന്ന കുറ്റിച്ചെടികൾ.

നടപ്പാതയുടെ അവസാനം ഒരു താമരപ്പൊയ്കയാണ്.താമരകൾക്കിടയിലൂടെ നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ എന്നെ ചോദ്യഭാവത്തിലൊന്നു നോക്കി.താമരപ്പൊയികക്കരികിലൂടെ കളം കളം പാടി പോകുന്ന കൊച്ചരുവികൾ.അതിൽ തത്തിക്കളിക്കുന്ന സ്വർണ്ണമത്സ്യങ്ങൾ.

സന്ധ്യക്ക് മംഗല്യം ചാർത്തുവാൻ സുന്ദരനായി ഒരുങ്ങി നിൽക്കുന്ന സൂര്യൻ.ജനനിയുടെ മാറിൽ കുങ്കുമപ്പൂക്കളാൽ മുത്തം നൽകി വരനോടൊപ്പം യാത്രയാവുന്ന സായംസന്ധ്യ.ആരവങ്ങളെ കൊട്ടിയടച്ച് സായാഹ്നം വിട പറയുമ്പോൾ പതുങ്ങി വരുന്ന അന്ധകാരം.വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇരുട്ടിനെ വകഞ്ഞ് പതിനാലാം രാവിന്റെ ജ്വലിച്ചു നിൽക്കുന്ന ചന്ദ്രൻ.കൂടെ രസിച്ചു കളിക്കുന്ന താരകങ്ങൾ.ആ മനോഹര ദൃശ്യവും ആസ്വദിച്ചുകൊണ്ട് ഞാൻ അവിടെ നിന്നും പതിയെ നടന്നു.

മഴത്തുളളികളായി പെയിതൊഴിയാൻ കൊതിക്കുന്ന മഴമേഘങ്ങൾ മാനത്തെ വെളളിത്തേരിനു മാറ്റുകൂട്ടി.പതിയെ വീശുന്ന മന്ദമാരുതന്റെ കൈയും പിടിച്ച് ചാറ്റൽമഴ ഒരു അതിഥിയെ പോലെ വന്നു.പിറകെ വരുന്ന പുതുമഴയെ വരവേൽക്കാൻ നൃത്തമാടുന്ന മയിലുകൾ.മരപ്പൊത്തിൽ നിന്നും തലനീട്ടി മാനത്തേക്ക് നോക്കുന്ന വേഴാമ്പലുകൾ.നിലാവ് പരക്കുന്ന മാനത്തെ സാക്ഷിയാക്കി മഴത്തുളളികൾ പാറക്കല്ലുകളിൽ തട്ടി ചാഞ്ചാടി.

ദൂരെ നിന്നും വീശുന്ന തണുത്ത കാറ്റിലെ സുഗന്ധവും തേടി ഞാൻ അവിടെ നിന്നും നീങ്ങി.മുന്നോട്ട് നീങ്ങും തോറും ആ സുഗന്ധ വായുവിൽ മനംപുരട്ടലിന്റെ ഗന്ധം കലരുന്നതായി എനിക്ക് തോന്നി.ക്ഷീണം ദേഹമാസകലം പൊതിഞ്ഞു.ദാഹിച്ചു തൊണ്ട വരളുന്നതു പോലെ.ക്ഷീണം മനസ്സിനെ ബാധിക്കാത്ത എന്റെ യാത്ര അവസാനിച്ചത് കണ്ണാടി പോലെ തിളങ്ങുന്ന പുഴക്കരികെയാണ്.

അതിൽ നിന്നും കൈക്കുമ്പിളിൽ വെളളം കോരിയെടുത്ത് മുഖം കഴുകുവാനും വറ്റിവരണ്ട തൊണ്ടക്ക് കുളിരേകുവാനും ഞാൻ കൊതിച്ചു.അതിനായി ഞാൻ ആ നദിയെ സ്പ്ർശിച്ചതും അടിത്തട്ടിൽ നിന്നും ഒറ്റക്കണ്ണുളള തീ തുപ്പുന്ന കുറേ ഭീകരസത്വങ്ങൾ ചാടി വീണതും ഒരുമിച്ചായിരുന്നു.

പേടിച്ച് ഞാൻ പിന്തിരിഞ്ഞോടുമ്പോഴും ആ ഭീകരസത്വങ്ങൾ ഞാൻ കാണാതെ എന്നെ പിന്തുടരുന്നുണ്ടായിരുന്നു.ഓടി തളർന്ന എന്റെ കാലുകൾ നിന്നത് അറ്റം കാണാത്ത ആഴമേറിയ ഒരു ഗർത്തത്തിനു മുമ്പിലായിരുന്നു.പേടിയോടെ തിരിഞ്ഞു നോക്കുമ്പോൾ തെളിഞ്ഞു വരുന്ന ഭീകരസത്വങ്ങൾ,മുമ്പിൽ മഹാഗർത്തം.

പകച്ചു നിൽക്കുമ്പോൾ എന്റെ മനസ്സ് മന്ത്രിച്ചു “ആ മഹാഗർത്തത്തിന്റെ അങ്ങേയറ്റവും തേടി നീ യാത്രയാവുക.” ആഴത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഞാനറിഞ്ഞു ആഴത്തിലെ അന്ധകാരത്തിൽ കഴിയുന്ന വായുവിന്റെ ഗന്ധം.ഇരുട്ടിലൂടെ പതിയെ പതിയെ ഞാൻ ഗർത്തത്തിന്റെ ഹൃദയവും തേടി യാത്രയാവുമ്പോൾ എന്റെ ഹൃദയസ്പ്ന്ദനങ്ങളായിരുന്നു കൂട്ട്.യാത്രയുടെ അവസാനം ഞാൻ ഗർത്തത്തിന്റെ ഹൃദയത്തിലെ ഏതോ പട്ടുമെത്തയിൽ മലർന്നു വീണു.

പതുകെ ഞാൻ മിഴികൾ തുറന്നു നോക്കി.നെറുകെയിൽ തലോടി എന്ന സാന്ത്വനിപ്പിക്കാൻ കിഴക്കൻ ചക്രവാളത്തിൽ നിന്നുമെത്തിയ സ്വർണ്ണക്കിരണങ്ങൾ.ഫാനിന്റെ കാറ്റിനോടൊപ്പം എന്നെ തലോടുന്ന ജാലകവിരികൾ.പതിവു പോലെ എന്നെ കാത്തു നിൽക്കാറുളള വീൽചെയറും.

(മഹിളാ ചന്ദ്രിക )

14 comments:

  1. സ്വപ്നത്തിനു ജീവൻ നൽകി അവതരിപ്പിച്ചിരിക്കുന്നു.നന്നായി അവതരണം.

    ReplyDelete
  2. നന്നായിരിക്കുന്നു.സഹോദരീ..
    പ്രാര്‍ത്ഥനയോടെ...

    ReplyDelete
  3. chila swapnagla valle manoharamanu.. ava veendum kanan nammal ethra agrahichalum sadhichennu varilla. engilum orthu vekkan etharam ezhuthukal mathre undaku. manoharamayirikkunnu. oru manirathnam - priadarshan cinema polekazhchakal.

    ReplyDelete
  4. ടൈപ്പിങ്ങില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും നല്ല ഒഴുക്കുള്ള രചന.
    തുടരുക..
    ആശംസകള്‍

    ReplyDelete
  5. ശബ്ന.. എല്ലാ വിഷമങ്ങളും സ്വപ്നങ്ങളും ചേര്‍ത്തെഴുതിയിരിക്കുന്നു.. എല്ലാ നന്മകളും നേരുന്നു..

    ReplyDelete
  6. ബ്ലോഗുകള്‍ വഴി വണ്ടി പോയപ്പോള്‍ ഇത് കണ്ടപ്പോള്‍ ഇടയ്ക്കു വെച്ച് ഇറങ്ങി.
    വെറുതെ ആയില്ല. നല്ല ഒഴുക്ക് ..

    ReplyDelete
  7. നന്നായിട്ടുണ്ട് , ഇത്താ

    ReplyDelete
  8. നല്ല എഴുത്ത് ...ഞാന്‍ ആദ്യമായി ആണ് ഇവിടെ വരുന്നത് ....നമ്മുടെ ഹൈന എന്റെ ബ്ലോഗില്‍ ഒരു ലിങ്ക ഇട്ടു ഇവിടേയ്ക്ക് പറഞ്ഞയച്ചതാ .. ...സമയം കിട്ടുമ്പോള്‍ എല്ലാ പോസ്റ്റും വായിച്ചോളാം ...

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. Dream and reality intertwined together takes the reader to a world where you meet the beauty and the beast at same place.

    ReplyDelete
  11. രചന നന്നായിട്ടുണ്ട്.
    എഴുത്തു തുടരുക, ആശംസകളോടെ.

    ReplyDelete
  12. നടപ്പാതയുടെ അവസാനം ഒരു താമരപ്പൊയ്കയാണ്.താമരകൾക്കിടയിലൂടെ നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ എന്നെ ചോദ്യഭാവത്തിലൊന്നു നോക്കി.താമരപ്പൊയികക്കരികിലൂടെ കളം കളം പാടി പോകുന്ന കൊച്ചരുവികൾ.അതിൽ തത്തിക്കളിക്കുന്ന സ്വർണ്ണമത്സ്യങ്ങൾ.........

    ഇതിനിടയില്‍ കഥാകാരി കാണാതെപോയ ഒരു കുഞ്ഞു തവളയുടെ അഭിന്തനങ്ങള്‍.
    ആശംസകളോടെ........ ആമിഖലീല്‍

    ReplyDelete