Friday, November 22, 2013

തീരാവിലാപം

ചെമ്പകപ്പൂവില്‍ നിന്നും
സുഗന്ധം പരക്കവെ,
അമ്മതന്‍ മാനസം തേങ്ങിക്കരഞ്ഞു.
പൂമരത്തണലിലിരുന്നക്ഷരങ്ങളെ
പ്രണയിച്ചവള്‍,
ഇന്നിതാ അവിടം
നിന്നാത്മാവു വിതുമ്പും കുഴിമാടം.
ഏറേനാള്‍ കൊതിച്ചിട്ടൊടുവില്‍
മൊട്ടിട്ട പനിനീര്‍ മലരെ...
നീ വിരിയും മുമ്പേ
പറയാതെ പോയതെന്തെ?
നീ പോലുമറിയാതെ പോയതെന്തെ?
മമ ഹൃത്തിലുയരുമൊരു
ചോദ്യമതു മാത്രം.
നീ പിച്ചവെച്ച നാള്‍
മുതലോരോ കനവുകള്‍ കണ്ടമ്മ.
ഇന്നതെല്ലാം നിന്‍
ചേതനയറ്റ ദേഹത്തിലലിഞ്ഞു ചേര്‍ന്നു.
കാലന്‍ങ്കോഴി കൂവും
യാമങ്ങളിലാര്‍ത്തനാദം
കേട്ടുഞെട്ടിയുണര്‍ന്ന്
മിഴികള്‍ നിന്നെ തിരയവെ..
നഷ്ട്സ്വപ്നങ്ങളില്‍
വരിഞ്ഞു മുറുകി രാവിന്റെ ചുടുനിശ്വാസത്തി-
ലലിഞ്ഞെന്നും,
മിഴിനീര്‍ വാര്‍ക്കുമീയമ്മ.
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
നിന്‍ കളിച്ചിരികളും
കൊലുസ്സിന്‍ മണിക്കിലുക്കവും മാത്രം.
എന്തിനീ ജന്മം മകളേ...
എന്തിനീ ജീവിതം മകളേ...
നിന്‍ വിയോഗത്താല്‍
തീരാത്ത നോവിലെരിഞ്ഞടങ്ങുവാനീ
അമ്മയ്ക്കു മകളേ.
ആരോടു പറയേണ്ടു ഞാനെന്‍ പരാതികള്‍?
ആരോടു പറയേണ്ടു ഞാനെന്‍ തീരാനഷ്ട്ങ്ങള്‍?
കൂട്ടിക്കിഴിച്ചിട്ടും ശിഷ്ട്മായയീ അമ്മയ്ക്കാരു
നല്‍കിയാല്‍ തീരും നിന്‍ വിയോഗം?
പകരമായെന്തു നല്‍കിയാല്‍
തോരുമെന്‍ കണ്ണീര്‍ക്കണങ്ങള്‍?
മായാത്ത നിന്നോര്‍മ്മയില്‍
അണയുകയില്ലയെന്‍
കരളിലെ തീയും,
ആത്മനൊമ്പരങ്ങളും.
സ്ത്രീജന്മങ്ങള്‍ക്കു ശാപമായി
കാമക്കണ്ണുകള്‍ക്ക്
കാഴ്ച്ചയുള്ള നാള്‍ വരെയും.

2 comments:

  1. തീരാത്ത വിലാപങ്ങളാണ് ചുറ്റും കേള്‍ക്കുന്നത്.

    ReplyDelete
  2. നൊമ്പരമുണർത്തുന്ന വരികൾ

    നന്നായി എഴുതി



    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

    ശുഭാശംശകൾ...

    ReplyDelete