Thursday, October 18, 2012

വെറുതെ…


വൃദ്ധസദനത്തിലെ ആശയറ്റ
മുറിക്കുള്ളിലതായൊരു പേകോലം
തളർന്നിരിപ്പു.

അസ്ത്മയ സൂര്യനെരിഞ്ഞടങ്ങിയാ
നയനങ്ങൾ;
വറ്റിവരണ്ട തടാകം പോൽ
നിശ്ചലമായി നിൽപ്പു.

ജാലകപ്പഴുതിലൂടെ
ഋതുഭേദങ്ങൾ മാറിമറിയവെ
മരച്ചില്ലയിലെ സ്വപ്നക്കൂടും
കാറ്റിലുലഞ്ഞു വീണു.

മാറോടണച്ചും കൊഞ്ചിച്ചും
വളർത്തി;
ഹൃദയമോരോന്നും നെയ്തെടുത്തു.

പൊട്ടിത്തകർന്നൊരാ-
ക്കണ്ണികളൊക്കെയും;
കാലത്തിൻ വിഷമഴയിലൊഴുകി
പോയി.

പൂത്തു നിന്നൊരു
സ്നേഹപ്പൂക്കളൊക്കെയും
സ്വാർത്ഥതൻ ചിന്തയാൽ
കരിഞ്ഞുണങ്ങി.

സുഖസൌകര്യങ്ങളിലാസ്വദിച്ചു
ലയിപ്പാൻ;
എല്ലാം ത്യജിച്ചൊരാ വൃദ്ധമന-
സ്സിനെയോ കൈ വെടിഞ്ഞു.

ആശ്രയമാകുമെന്നു നിനച്ചൊരാ-
മോഹങ്ങളൊക്കെയും;
പറയാതെ വന്ന പേമാരിയിലൊലി
ച്ചു പോയി.

വിടപറയും നേരത്തായി
കാലിടറിയെങ്കിലും;
വെറുതെയൊരു പിൻവിളിക്കായി
കാതോർത്തു പോയി

തെറ്റെന്തു ചെയ്തതെന്നറിയാതെ
മരവിച്ച മനമായി
ശൂന്യതതൻ പടവിൽ
തരിച്ചു നിന്നു.

മക്കൾക്കു സന്തോഷിപ്പാൻ
ഇനിയെന്തു നൽകേണ്ടുവെന്നു
ചിന്തിച്ചിരിപ്പുണ്ടീ,
മതിൽക്കെട്ടിനുള്ളിലൊരു
മാതൃഹൃദയം.

(മെട്രോ വാർത്ത ഓണപ്പതിപ്പ്).

13 comments:

  1. വന്നത് “വെറുതെ” ആയില്ല ... :)

    ReplyDelete
  2. വന്ന വഴി മറക്കുന്നതാണ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാലം.

    ReplyDelete
  3. “പാവം എന്റെ എല്ലാമായ എന്റെ ഉമ്മ.” ഒരിക്കലും ഞാനിങ്ങനെയൊന്നും ആവില്ല. ശബ്നയ്ക്ക് ഈയുള്ളവന്റെ സ്നേഹാശംസകൾ...........

    ReplyDelete
  4. ഉദയം കൊതിക്കുന്ന അസ്തമയ സൂര്യന്‍..
    ആശംസകള്‍ ശബ്ന..

    ReplyDelete
  5. മാതൃത്യം ഇന്ന് വൃദ്ധ സദനങ്ങളില്‍ എരിഞ്ഞടുങ്ങുന്നു .മാതൃ ഹൃദയത്തിന്റെ ഈ അക്ഷരങ്ങള്‍ക്ക് എല്ലാ ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  6. ഒറ്റപ്പെടുന്ന വാര്ദ്ധക്യം എല്ലാവര്ക്കും ഒരു ഭീതി തന്നെയാണ്‌ . എന്നാല്‍ ഒറ്റപ്പെടുത്തുന്നവരാരും അത് ആലോചിക്കുന്നില്ലെന്ന് തോന്നുന്നു

    ReplyDelete
  7. വൃദ്ധസദനത്തില്‍ നിന്നൊരു ദീര്‍ഘനിശ്വാസം കൂടി....

    “ചിന്തിച്ചിരിപ്പുണ്ടീ,
    മതിൽക്കെട്ടിനുള്ളിലൊരു
    മാതൃഹൃദയം.”

    ReplyDelete
  8. നന്നായിരിക്കുന്നു ..വീണ്ടും എഴുതുക ..

    ReplyDelete
  9. നന്നായി, അഭിനന്ദനങ്ങള്‍.

    ReplyDelete
  10. ഷബ്‌ന, സോറി... നമ്പര്‍ എന്റെ ഫോണില്‍ നിന്നും മിസ്സ് ആയി ഒന്ന് മെസേജ് അയക്കുമോ....?

    സമദ്

    ReplyDelete