
നേരിയ തോതിൽ മഴ ചാറുന്നുണ്ട്.ആകാശത്തിൽ വട്ടം കൂടി കാർമേഘങ്ങൾ ചുറ്റിക്കറങ്ങുന്നു.ഏതു നിമിഷവും മഴ തിമിർത്തു പെയ്തേക്കാം.മഞ്ഞുത്തുള്ളികളുടെ കൊഞ്ചൽ കേട്ടാൽ ഗിരിജ ( അവൾ എന്ന കഥാപാത്രത്തിന് ഞാൻ ഗിരിജയെന്ന് പേരിടുന്നു) അറിയാതെ തന്നെ ഉമ്മറപ്പടിമേൽ വന്നിരിക്കും.ഇമച്ചിമ്മാതെ മാനത്തേക്ക് നോക്കിയിരിക്കും.താനീ മേഘങ്ങളായിരുന്നെങ്കിൽ എവിടെയും ആരേയും പേടിക്കാതെ കളിയാക്കലുകൾ കേൾക്കാതെ സഞ്ചരിക്കാം.തനെയും നോക്കി മനുഷ്യർ ആകാശത്തിലേക്ക് മിഴിവാർന്ന് നിൽക്കും.ഒരിറ്റു ദാഹ ജലത്തിനായി കൊതിയോടെ കേഴും.അവസാനം സാന്ത്വനമായി കുളിരായി നൂലിഴകളിൽ തൂങ്ങിയിറങ്ങി ചെല്ലാം.ഓർക്കുമ്പോൾ തന്നെ ഗിരിജക്ക് വല്ലാത്തൊരു രസം തോന്നി.
തോളിലെ മുണ്ട് തലയിലമർത്തി പിടിച്ച് കക്ഷത്തിൽ നിന്നും ഡയറിയെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഒരാൾ ഇടവഴിയിലൂടെ അങ്ങോട്ട് ഓടി വന്നു.
“ദല്ലാൾ രാമനാണല്ലൊ” അമ്മൂമ്മ തോളത്തുള്ള മുണ്ടെടുത്ത് മാറു മറച്ചു.
അമ്മൂമ്മയുടെ കാഴ്ച്ച ശക്തിയിൽ ഗിരിജക്ക് അത്ഭുതം തോന്നി.അയാൾ ഉമ്മറത്തേക്ക് കയറി നിന്ന് തലയിൽ നിന്നും മുണ്ടെടുത്ത് നിവർത്തി കുടഞ്ഞ് തല അമർത്തി തോർത്തി.അപ്പോഴേക്കും മഴ തിമിർത്തു പെയ്യാൻ തുടങ്ങി.മുല്ലയും റോസാപ്പൂവും ലില്ലിയും നനഞ്ഞ വസ്ത്രം ദേഹത്തൊട്ടിയ നാണത്തോടെ ഒരു നാടൻപെൺകൊടിയെ പോലെ നിൽക്കുന്നു.വൃക്ഷത്തലപ്പുകൾ മഴത്തുള്ളികളോട് കിന്നാരം പറഞ്ഞ് ആടിക്കുഴഞ്ഞു ചിരിക്കുന്നു.മഴയുടെ ചീറ്റൽ അവരുടെ മൌനത്തിന് വിരാമമിട്ടു.
“ഞാൻ ചായയെടുക്കാം.”
“അതെ, ഈ തണുപ്പത്ത് ഒരു ചായ കിട്ടിയാൽ നല്ലതാ” അയാൾ അവളെ നോക്കി ചിരിച്ചു.
ചുണ്ടിൽ ചെറിയൊരു ചിരി വരുത്തി അവൾ അകത്തേക്ക് പോയി.
“ഈ മഴ ഇപ്പോഴൊന്നും നിൽക്കുന്ന മട്ടില്ല.”അയാൾ ആരോടെന്നില്ലാതെ പുറത്തേക്ക് നോക്കി പറഞ്ഞു.
“ചീരമ്മേ, ഞാനിപ്പൊ വന്നതൊരു കാര്യം പറയാനാ”.അയാൾ അമ്മൂമ്മയുടെ അടുത്തേക്ക് കസേര വലിച്ചിട്ടു.കണ്ണും കാതും കൂർപ്പിച്ച് അമ്മൂമ്മ അയാളെ നോക്കി.
“നിങ്ങളുടെ പേരക്കുട്ടിക്കൊരു കല്ല്യാണാലോചന……”
“തെന്നെ രാമൊ..? അമ്മൂമ്മ ഇടയ്ക്ക് കയറി ചോദിച്ചു.
“അതെ” അയാൾക്കും ആവേശമായി.
“എവിടെന്നാ രാമൊ”?
“കുറച്ചു ദൂരെ നിന്നാ.”
അപ്പോഴേക്കും ഗിരിജ ചായയുമായി വന്നു.ആർത്തിയോടെ അയാൾ ചായ വാങ്ങി ചുണ്ടോടടുപ്പിച്ചതും പിൻവലിപ്പിച്ചതും ഒരുമിച്ചായിരുന്നു.അവൾക്ക് ചിരി വന്നു.
“ഹൊ! ചൂട്” അയാൾ അറിയാതെ പറഞ്ഞു.
“തണുപ്പല്ലെ രാമൊ, ഊതി കുടിച്ചൊ” അമ്മൂമ്മ മോണ കാട്ടി ചിരിച്ചു. ആ ചിരിയിൽ അയാളും പങ്കു ചേർന്നു.ആ ചിരിയൊരു കപട ചിരിയായി ഗിരിജക്ക് തോന്നി.
“കുട്ടി അവിടെ നിൽക്ക” അകത്തേക്ക് പോകാനൊരുങ്ങിയ ഗിരിജയെ അയാൾ തടഞ്ഞു.
“ബാക്കി കാര്യങ്ങള് പറയ് രാമൊ” അമ്മൂമ്മയ്ക്ക് ആകാംക്ഷയായി.
അയാൾ കുറച്ചു നേരം ഗിരിജയുടെ മുഖത്തേക്ക് നോക്കിയിരുന്നു.പിന്നീട് എന്തൊ ഉറപ്പിച്ചതു പോലെ പറഞ്ഞു.
“അയാൾക്ക് അല്പ്ം പ്രായം കൂടുതലാ”
“ആർക്ക്.”? തെല്ലിട എല്ലാം മറന്നതു പോലെ അമ്മൂമ്മ ചോദിച്ചു.
ഗിരിജയുടെ മുഖത്തും അമ്പരപ്പുണ്ടായിരുന്നു.അടുക്കളയിൽ ചായയിടുമ്പോൾ കല്ല്യാണ കാര്യത്തെ കുറിച്ച് സംസാരിക്കുന്നത് നേരിയ ശബ്ദത്തിൽ അവളുംകേട്ടതാണ്.
“കല്ല്യാണച്ചെറുക്കന്റെ, അല്ലാതാരാ?” അയാളും തിരിച്ചടിച്ചു.
“പ്രായ കൂടുതൽ എന്നു വെച്ചാ ത്രണ്ടാവും രാമൊ”?
“ഒരു എഴുപത്” അയാളുടെ പറച്ചിൽ കേട്ടാൽ ഒരു ഇരുപതെന്നെ തോന്നു.
അമ്മൂമ്മയും ഗിരിജയും ഒന്നു ഞെട്ടി.അവർ പരസ്പ്പരം മാറി മാറി നോക്കി.അയാളൊരു വാക്കിനായി കാത്തിരിക്കുകയാണ്.എന്തു പറയണമെന്ന് രണ്ടു പേർക്കും അറിയുന്നില്ല.ഒടുവിൽ അയാൾ മൌനത്തിന്റെ തിരശ്ശീല പൊക്കി.
“എന്താ ചീരമ്മെ, ഒന്നും പറയാത്തത്”?
“ന്റെ കുട്ടിത്രയും കാലം കാത്തിരുന്നിട്ട് ഒരു വയസ്സന് ഓളെ കൊട്ക്കാനിത്തിരി ദെണ്ണണ്ട് രാമൊ.” അമ്മൂമ്മ കണ്ണു തുടച്ചു.
“നിങ്ങൾ വിചാരിക്കുന്ന പോലെയൊന്നുമല്ല അയാൾ.കോടീശ്വരനാ…കോടീശ്വരൻ.മക്കളായിട്ട് രണ്ടാണ്ണും ഒരു പെണ്ണുമുണ്ട്.അവരുടെയൊക്കെ കല്ല്യാണം കഴിഞ്ഞ് വിദേശത്ത് ഓരോ ജോലിയാ.മാസാമാസം മക്കൾ ഇയാൾക്ക് ചെക്കയക്കും.കൂടാതെ ഇയാളും കുറേ അദ്ധ്വാനിച്ചുണ്ടാക്കിയിട്ടുണ്ട്.രണ്ടു നിലയുള്ള വലിയൊരു വീട്ടിൽ ഇയാൾ തനിച്ച് താമസിക്കാണ്.അപ്പോ ഒരു തുണ വേണമെന്ന് തോന്നി കാണും“. അയാൾ നിവർന്നിരുന്ന് ശ്വാസം വിട്ടു.
“ന്നാലും രാമൊ, ഞാ………”
“നിങ്ങൾ അതും പറഞ്ഞിരുന്നൊ.നമ്മുടെ കുട്ടിക്കുമില്ലെ കുറവുകൾ.ഇനിയിപ്പൊ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ വേണ്ട.ഞാൻ വേറെയാരെങ്കിലും നോക്കാം.സമ്പത്തുണ്ടെന്ന് കേട്ടാൽ പെണ്ണിനെ തരാനാരും തയ്യാറാവും.”
“ന്റെ കുട്ട്യെ, അമ്മൂമ്മ ന്താ പറയാ?” അമ്മൂമ്മ ഗിരിജയെ നോക്കി.
ആകാശം തെളിഞ്ഞു.കാർമേഘങ്ങൾ അവയുടെ സങ്കടങ്ങളെല്ലാം കരഞ്ഞു തീർത്തു.ദൂരെയുള്ള വലിയൊരു മരത്തിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു.കാറ്റിൽ മരച്ചില്ലകളുടെ ഇളക്കം കാണുമ്പോൾ മഴ നനഞ്ഞു കുതിർന്ന ഒരു കുട്ടിയുടെ തല അമ്മ തുടച്ചു കൊടുക്കുകയാണെന്ന് തോന്നും.മരച്ചില്ലയുടെ മൂലയിൽ ഒരു കാക്കയിരിക്കുന്നു.അത് ചിറകുകൾ വിടർത്തി മഴവെള്ളത്തെ തട്ടിത്തെറിപ്പിക്കുകയും ചുണ്ട് കൊണ്ട് ചിറകിനുള്ളിൽ എന്തൊ തിരയുകയും ചെയ്യുന്നു.കാക്ക കറുത്തതാണെങ്കിലും അതിനുമുണ്ടൊരു ഭംഗി.കറുപ്പിന് ഏഴഴകാണെന്ന് എല്ലാവരും പറയാറില്ലെ?വൃത്തിയുടെ കാര്യത്തിൽ അത് കണിശക്കാരിയാണ്.വൃത്തികേടുകൾ ഭക്ഷിച്ച് അത് നമ്മുടെ പരിസരത്തെയും നമ്മെയും വൃത്തിയോടെ സംരക്ഷിക്കറില്ലെ?അയാൾ പറഞ്ഞതു പോലെ തനിക്കുമുണ്ട് കുറവുകൾ.എങ്കിലും എല്ലാവരേയും സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള നല്ലൊരു മനസ്സ് തനിക്കുണ്ട്.ആ സുന്ദരമായ മനസ്സുകൊണ്ടവൾ സമ്മതം മൂളി.കീശയിലേക്ക് വീഴുന്ന ബ്രോക്കർക്കാശും സ്വപ്നം കണ്ട് അയാൾ ഇടവഴിയിലൂടെ നടന്നു പോയി.
തുടരും……..