Thursday, October 18, 2012

വെറുതെ…


വൃദ്ധസദനത്തിലെ ആശയറ്റ
മുറിക്കുള്ളിലതായൊരു പേകോലം
തളർന്നിരിപ്പു.

അസ്ത്മയ സൂര്യനെരിഞ്ഞടങ്ങിയാ
നയനങ്ങൾ;
വറ്റിവരണ്ട തടാകം പോൽ
നിശ്ചലമായി നിൽപ്പു.

ജാലകപ്പഴുതിലൂടെ
ഋതുഭേദങ്ങൾ മാറിമറിയവെ
മരച്ചില്ലയിലെ സ്വപ്നക്കൂടും
കാറ്റിലുലഞ്ഞു വീണു.

മാറോടണച്ചും കൊഞ്ചിച്ചും
വളർത്തി;
ഹൃദയമോരോന്നും നെയ്തെടുത്തു.

പൊട്ടിത്തകർന്നൊരാ-
ക്കണ്ണികളൊക്കെയും;
കാലത്തിൻ വിഷമഴയിലൊഴുകി
പോയി.

പൂത്തു നിന്നൊരു
സ്നേഹപ്പൂക്കളൊക്കെയും
സ്വാർത്ഥതൻ ചിന്തയാൽ
കരിഞ്ഞുണങ്ങി.

സുഖസൌകര്യങ്ങളിലാസ്വദിച്ചു
ലയിപ്പാൻ;
എല്ലാം ത്യജിച്ചൊരാ വൃദ്ധമന-
സ്സിനെയോ കൈ വെടിഞ്ഞു.

ആശ്രയമാകുമെന്നു നിനച്ചൊരാ-
മോഹങ്ങളൊക്കെയും;
പറയാതെ വന്ന പേമാരിയിലൊലി
ച്ചു പോയി.

വിടപറയും നേരത്തായി
കാലിടറിയെങ്കിലും;
വെറുതെയൊരു പിൻവിളിക്കായി
കാതോർത്തു പോയി

തെറ്റെന്തു ചെയ്തതെന്നറിയാതെ
മരവിച്ച മനമായി
ശൂന്യതതൻ പടവിൽ
തരിച്ചു നിന്നു.

മക്കൾക്കു സന്തോഷിപ്പാൻ
ഇനിയെന്തു നൽകേണ്ടുവെന്നു
ചിന്തിച്ചിരിപ്പുണ്ടീ,
മതിൽക്കെട്ടിനുള്ളിലൊരു
മാതൃഹൃദയം.

(മെട്രോ വാർത്ത ഓണപ്പതിപ്പ്).