Tuesday, July 7, 2020

അന്നൊരുനാളിൽ കാലം എനിക്ക് സമ്മാനിച്ച ഇത്തിരി സൗഹൃദങ്ങൾ
കോറിയിട്ട അക്ഷരങ്ങൾക്ക് പൊൻതൂവൽ നൽകിയ പ്രിയ മിത്രങ്ങൾ
എഴുത്തതാണീ കയ്യിലുറപ്പിക്കാൻ പിൻബലമേകിയ ആത്മബന്ധങ്ങൾ
കാലം ഇവിടെ കൊണ്ടെത്തിച്ചതായിരുന്നു
ആ കാലം തന്നെ മറ്റൊരു തുരുത്തിലുമെത്തിച്ചു
ഇന്ന് നഷ്ടബോധത്തിന്റെ നൊമ്പരക്കാറ്റ് വട്ടം ചുറ്റുകയാണ്
തിരിച്ചൊന്നെത്തി നോക്കുകയാണ്
സൗഹൃദത്തിന്റെ ഒരു ഹൃദയത്താളമെങ്കിലും ഇന്നിവിടെ ഉണ്ടോ എന്നറിയാൻ  

Friday, November 22, 2013

തീരാവിലാപം

ചെമ്പകപ്പൂവില്‍ നിന്നും
സുഗന്ധം പരക്കവെ,
അമ്മതന്‍ മാനസം തേങ്ങിക്കരഞ്ഞു.
പൂമരത്തണലിലിരുന്നക്ഷരങ്ങളെ
പ്രണയിച്ചവള്‍,
ഇന്നിതാ അവിടം
നിന്നാത്മാവു വിതുമ്പും കുഴിമാടം.
ഏറേനാള്‍ കൊതിച്ചിട്ടൊടുവില്‍
മൊട്ടിട്ട പനിനീര്‍ മലരെ...
നീ വിരിയും മുമ്പേ
പറയാതെ പോയതെന്തെ?
നീ പോലുമറിയാതെ പോയതെന്തെ?
മമ ഹൃത്തിലുയരുമൊരു
ചോദ്യമതു മാത്രം.
നീ പിച്ചവെച്ച നാള്‍
മുതലോരോ കനവുകള്‍ കണ്ടമ്മ.
ഇന്നതെല്ലാം നിന്‍
ചേതനയറ്റ ദേഹത്തിലലിഞ്ഞു ചേര്‍ന്നു.
കാലന്‍ങ്കോഴി കൂവും
യാമങ്ങളിലാര്‍ത്തനാദം
കേട്ടുഞെട്ടിയുണര്‍ന്ന്
മിഴികള്‍ നിന്നെ തിരയവെ..
നഷ്ട്സ്വപ്നങ്ങളില്‍
വരിഞ്ഞു മുറുകി രാവിന്റെ ചുടുനിശ്വാസത്തി-
ലലിഞ്ഞെന്നും,
മിഴിനീര്‍ വാര്‍ക്കുമീയമ്മ.
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
നിന്‍ കളിച്ചിരികളും
കൊലുസ്സിന്‍ മണിക്കിലുക്കവും മാത്രം.
എന്തിനീ ജന്മം മകളേ...
എന്തിനീ ജീവിതം മകളേ...
നിന്‍ വിയോഗത്താല്‍
തീരാത്ത നോവിലെരിഞ്ഞടങ്ങുവാനീ
അമ്മയ്ക്കു മകളേ.
ആരോടു പറയേണ്ടു ഞാനെന്‍ പരാതികള്‍?
ആരോടു പറയേണ്ടു ഞാനെന്‍ തീരാനഷ്ട്ങ്ങള്‍?
കൂട്ടിക്കിഴിച്ചിട്ടും ശിഷ്ട്മായയീ അമ്മയ്ക്കാരു
നല്‍കിയാല്‍ തീരും നിന്‍ വിയോഗം?
പകരമായെന്തു നല്‍കിയാല്‍
തോരുമെന്‍ കണ്ണീര്‍ക്കണങ്ങള്‍?
മായാത്ത നിന്നോര്‍മ്മയില്‍
അണയുകയില്ലയെന്‍
കരളിലെ തീയും,
ആത്മനൊമ്പരങ്ങളും.
സ്ത്രീജന്മങ്ങള്‍ക്കു ശാപമായി
കാമക്കണ്ണുകള്‍ക്ക്
കാഴ്ച്ചയുള്ള നാള്‍ വരെയും.

Saturday, April 20, 2013

ക്ഷണക്കത്ത്

എന്റെ എല്ലാ ബ്ലോഗ് സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് ഞാന്‍ സാദരം ക്ഷണിക്കുന്നു.

Saturday, January 26, 2013

വേനല്‍

മണ്ണും വിണ്ണും
ഇടവപ്പാതിയെ തിരഞ്ഞു.
ആഴ്ന്നിറങ്ങിയ
വേരുകള്‍ കരിഞ്ഞുണങ്ങി.
ചന്ദ്രബിംബം തെളിയാത്ത
കിണറില്‍ നിന്നും തവളകള്‍
പേ പിടിച്ചു പുറത്തുച്ചാടി.
വാനം നോക്കി നോക്കി
വേഴാമ്പലുകള്‍ കുഴഞ്ഞു
വീണു.
നൃത്തം വെയ്ക്കാനാവതെ
മയിലുകള്‍ പീലി വെടിഞ്ഞു.
ആലിന്‍കൊമ്പിലെ പറവകള്‍
ചേക്കേറാന്‍ മറന്നു.
മഴവില്ലൊരു ഗതകാലസ്മൃതിയായി.
ദലങ്ങള്‍ കാറ്റിലെ ഈറനു
വേണ്ടി നാക്കു നീട്ടി.
പുല്‍കൊടികള്‍ നിഹാരവിരഹത്താല്‍
തളര്‍ന്നു കിടന്നു.
നിള നഷ്ട്ടപ്പെട്ട പുടവയോര്‍ത്ത്
മൌനമായി വിതുമ്പി.
ഇരുകാലികളില്‍ ആര്‍ത്തിയുടെ
പകയേറി.
എന്നിട്ടും ഇടവപ്പാതി
വിരുന്നു വന്നില്ല.
മീനം കടമ മറന്ന
കുടുംബിനിയായി.

Thursday, October 18, 2012

വെറുതെ…


വൃദ്ധസദനത്തിലെ ആശയറ്റ
മുറിക്കുള്ളിലതായൊരു പേകോലം
തളർന്നിരിപ്പു.

അസ്ത്മയ സൂര്യനെരിഞ്ഞടങ്ങിയാ
നയനങ്ങൾ;
വറ്റിവരണ്ട തടാകം പോൽ
നിശ്ചലമായി നിൽപ്പു.

ജാലകപ്പഴുതിലൂടെ
ഋതുഭേദങ്ങൾ മാറിമറിയവെ
മരച്ചില്ലയിലെ സ്വപ്നക്കൂടും
കാറ്റിലുലഞ്ഞു വീണു.

മാറോടണച്ചും കൊഞ്ചിച്ചും
വളർത്തി;
ഹൃദയമോരോന്നും നെയ്തെടുത്തു.

പൊട്ടിത്തകർന്നൊരാ-
ക്കണ്ണികളൊക്കെയും;
കാലത്തിൻ വിഷമഴയിലൊഴുകി
പോയി.

പൂത്തു നിന്നൊരു
സ്നേഹപ്പൂക്കളൊക്കെയും
സ്വാർത്ഥതൻ ചിന്തയാൽ
കരിഞ്ഞുണങ്ങി.

സുഖസൌകര്യങ്ങളിലാസ്വദിച്ചു
ലയിപ്പാൻ;
എല്ലാം ത്യജിച്ചൊരാ വൃദ്ധമന-
സ്സിനെയോ കൈ വെടിഞ്ഞു.

ആശ്രയമാകുമെന്നു നിനച്ചൊരാ-
മോഹങ്ങളൊക്കെയും;
പറയാതെ വന്ന പേമാരിയിലൊലി
ച്ചു പോയി.

വിടപറയും നേരത്തായി
കാലിടറിയെങ്കിലും;
വെറുതെയൊരു പിൻവിളിക്കായി
കാതോർത്തു പോയി

തെറ്റെന്തു ചെയ്തതെന്നറിയാതെ
മരവിച്ച മനമായി
ശൂന്യതതൻ പടവിൽ
തരിച്ചു നിന്നു.

മക്കൾക്കു സന്തോഷിപ്പാൻ
ഇനിയെന്തു നൽകേണ്ടുവെന്നു
ചിന്തിച്ചിരിപ്പുണ്ടീ,
മതിൽക്കെട്ടിനുള്ളിലൊരു
മാതൃഹൃദയം.

(മെട്രോ വാർത്ത ഓണപ്പതിപ്പ്).

Monday, June 18, 2012

കാലനും മർത്ത്യനും


പതുക്കെ അരിച്ചു കയറുന്ന
വേദനയിൽ നിന്നും തുടങ്ങി-
യൊടുവിൽ,
ശരീരവുമാത്മാവും വേർപിരി-
യാനാവാതെ,
കദനത്താൽ നീറവെ
കാലൻതൻ മിഴിയിൽ നിന്നു-
മുതിർന്നു വീഴുമൊരു തുള്ളി
മിഴിനീർ.

ശരീരവയവങ്ങളോരോന്നായി
അറുത്തെടുത്ത്,
രുധിരം ചിന്നിത്തെറിക്കവെ
പേടിയോടെ ഓടിയകലുമാത്മാ-
വിനെ നോക്കി,
ആർത്തട്ടഹസിക്കുമൊരു
കൂട്ടം മർത്ത്യർ.

ഒന്നുമറിയാതെ തോരാത്ത
കണ്ണുനീരിലുറ്റവർതൻ
മനസ്സ് മരിക്കവെ
പൈശചികഭാവം പൂണ്ട
പ്രതികാരദാഹികളെന്തു
നേടി?